Posts

അമ്മയെ കുളിപ്പിക്കുമ്പോൾ /സാവിത്രി രാജീവൻ

അമ്മയെ കുളിപ്പിക്കുമ്പോൾ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ കരുതൽ വേണം . ഉടൽ കയ്യിൽ നിന്ന് വഴുതരുത് ഇളം ചൂടായിരിക്കണം വെള്ളത്തിന് , കാലം നേർപ്പിച്ച ആ ഉടൽ കഠിന മണങ്ങൾ പരത്തുന്ന സോപ്പു ലായനി കൊണ്ട് പതക്കരുത്, കണ്ണുകൾ നീറ്റരുത്. ഒരിക്കൽ നിന്നെ കുളിപ്പിച്ചൊരു ക്കിയ അമ്മയുടെ കൈകളിൽ അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല അവയുടെ ചിരിയൊച്ചയും നിന്റെ ഇളം കടിയേറ്റ പഴയ മോതിരം ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും എന്നാൽ ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട് ചുളിവിന്റെ എണ്ണമില്ലാത്ത ഞൊറി വളകൾ ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ ഏഴോ എഴുപതോ എഴായിരമോ അതിൽ നിറഭേദങ്ങൾ? എണ്ണാൻ മിനക്കെടേണ്ട കണ്ണടച്ച് ഇളം ചൂടു വെള്ളം വീണ് പതു പതുത്ത ആ മൃദു ശരീരം തൊട്ടു തലോടിയിരിക്കുക അപ്പോൾ ഓർമ്മകൾ തിങ്ങി ഞെരുങ്ങിയ ആ ചുളിവുകൾ നിവർന്നു തുടങ്ങും അമ്മ പതുക്കെ കൈകൾ നീട്ടി നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും എണ്ണ യിലും താളിയിലും മുങ്ങി നീ കുളിച്ചു സ്ഫുടമായി തെളിഞ്ഞു വന്നു കൊണ്ടേയിരിക്കും അപ്പോൾ അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന് അമ്മക്ക് പകരം നൽകുക. അമ്മയെ കുളിപ്പിക്കുമ്പോൾ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ..

തലമുറകൾ /സിന്ധു നന്ദകുമാർ

നിശയിലാകിനാകിടക്കയിൽ കാൽവിരലുണ്ടൊരോമനപ്പൈതലിനനക്കം കതോർത്തലസം നീ ചാഞ്ഞുറങ്ങുന്നത് എന്റെ മാറിലല്ലോ .... ദൂരെ നീയെങ്കിലും മകളെ , ആലസ്യമാർന്നു നിൻചൊടികൾ കറുക്കുന്നതും  കൺതടം ക്ഷീണത്താൽ കുഴിയുന്നതും മാതൃത്വഭാവം നിന്നിൽ നിറയുന്നതും കണ്ടു ഞാനിവിടെ നിന്നെയും ഉദരത്തിലാക്കി കൊണ്ടു നടക്കുന്നു ...... തന്റെ ഉദരത്തിലായിരം ഭ്രൂണമായി കാത്തൊരാത്തരുലതാദികൾ ഭൂജാതരാവുന്നതിനേകാന്ത തപം ചെയ്ത ധരിത്രിയേ ഓർക്കുക ..... സൂര്യനാമച്ഛന്റെ ചൂടേറ്റ് വളരുന്നുണ്ണിയേ വേരുമുലയൂട്ടി  വളർത്തുന്നനുദിനം വസുന്ധര   പിന്നെയാ മുലക്കാമ്പ് പ്ലാസ്റ്റിക്കിനാലടച്ചു നാം... നീരുറ്റി കുപ്പീൽ നിറച്ചു എരിപൊരി പൊള്ളലിൽ കുടിനീരാക്കി മാറ്റിയതും    വിത്തുമായെത്തിയിട്ടും മടിശീലയഴിക്കുവാനാകാതെ തറയോടാലടച്ചൊരു ഗർഭപാത്രത്തിൽ മുന്നിൽ മുറവിളികൂട്ടുന്നൊരാ  കാറ്റിനുൾത്തടം കണ്ടിട്ടർക്കന്റെ കനൽത്തീമിഴിയാലുരുക്കി കടലാകെ വറ്റിച്ചൊരുനാൾ , മഴയായി, പ്രളയമായി , കലിതുള്ളിയെത്തും വരെ കാക്കാതെ .... വിത്താകുക, വിതയാകുക, താങ്ങാവുക മകളെ ..... ഓരോ പുതുമുളയിലും . അനക്കത്തിലും തളിർക്കുന്ന മാതൃമനസ്സിനെ , കണ്ടു തുടിക്കട്ടേ നിന്റെ മനസ്സും ചി...

തള്ള /ബിജു കാരമൂട്

  മീൻ മുറിക്കുമ്പോഴും പശുവിനെ തീറ്റുമ്പോഴും വള്ളിപ്പയറിന് വെള്ളം കോരുമ്പോഴും പണ്ടേ അമ്മ പാടാറുള്ള ഒരു പാട്ടുണ്ടായിരുന്നു ബട്ടർഫ്ളൈസ് ആർ റിപ്പീറ്റിങ് അന്നൊന്നും അതത്ര കാര്യമാക്കിയില്ല കാര്യമല്ലാത്തതെല്ലാം കാര്യമായി തുടങ്ങുന്ന  ഒരു പ്രായത്തിൽ എന്നോ അതിന്റെ പിന്നാലെ അന്വേഷിച്ചുപോയി അമ്മയോട് തന്നെ ചോദിച്ചപ്പോൾ പണ്ടെങ്ങോ സ്കൂളിൽ പഠിച്ചതാണെന്ന് ചാടിക്കടിക്കാൻ വന്നു ഒരുപാടലഞ്ഞ്  ഒരു നദിയുടെയും തീരത്ത് നിലാവിൽ നക്ഷത്രമെണ്ണി കിടക്കാതെതന്നെ അത് കിട്ടി സംഭവം ഇതാണ് പഴയ ഒരു പാഠപുസ്തകക്കവിത ബട്ടർഫ്ളൈസ് ആർ പ്രെറ്റി തിങ്‌സ് ഈയിടെയായി ഇടയ്ക്കിടയ്ക്ക് അത് നാവിൻതുമ്പിൽ കയറി വരുന്നു പ്രത്യേകിച്ച് ഒറ്റക്കിരിക്കുമ്പോഴല്ല ഒറ്റക്കാണെന്ന് തോന്നിപ്പോകുമ്പോൾ അതുപണ്ടേ അങ്ങനെയാണല്ലോ കരയിക്കാൻ കേറി വന്നോളും ഇടയ്ക്കിടെ തള്ള .......

കേൾസ് / എം. ആർ രേണുകുമാർ

ചിത്രകാരാ.. അമ്മയുടെ പടം  അയക്കുന്നു. തീരെ തെളിച്ചമില്ല, തെളിച്ചമുള്ളതാക്കണം. പടർന്നുകയറിയ പൂപ്പലിനെയൊക്കെ  പമ്പകടത്തണം. പാറിപ്പറന്നുകിടക്കുന്ന  മുടിയൊക്കെ ചീകിക്കെട്ടി കൊടുക്കണം. ചുവന്ന മുത്തുകെട്ടിയ കാതിപ്പൂ സ്വർണ്ണമാണ്. രണ്ടൂന്നുമുത്തുകൾ പൊഴിഞ്ഞുപോയിട്ടുണ്ട്, അതൊന്ന് ശരിയാക്കണം. മാല വരവിന്റേതാണ് അത് സ്വർണ്ണമാക്കണം. കഴിമെങ്കിൽ കരിമണിയനാക്കണം. അന്നൊരു ചുവന്ന  പൊട്ടുതിരക്കി ഏറെനടന്നതാണ്; കിട്ടിയില്ല. ഒരെണ്ണം തൊട്ടുകൊടുക്കണം. മേൽച്ചുണ്ടിനും മൂക്കിനും ഇടയിലൊരു മറുകുണ്ട്. അതിത്തിരിക്കൂടി കറുപ്പിക്കണം. കണ്ണുകളിലെ കനിവ് അങ്ങനെതന്നെ വേണം. ഒട്ടും കുറഞ്ഞുപോകരുത്. ഇടത്തെ ചെവിയുടെ താഴേക്ക് വീണുകിടക്കുന്ന ആ കേൾസ് ഉണ്ടല്ലോ അതുമാത്രം അങ്ങനെ കിടന്നോട്ടെ. നെറ്റിയിൽ  വലതുകണ്ണിന് മീതെയൊരു ചെറിയ മുറിപ്പാടുണ്ട്. കുട്ടിയായിരുന്നപ്പോൾ ഞാൻ വെള്ളയ്ക്ക കൊണ്ട് ഉന്നം നോക്കിയതാണ്, അതുവിട്ടുപോകരുത്. എനിക്കെന്നും നോവണം. ▪️

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അമ്മ മരിച്ചപ്പോള്‍ ആശ്വാസമായി ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം ആരും സ്വൈരം കെടുത്തില്ല ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ തല തുവര്‍ത്തണ്ട ആരും ഇഴ വിടര്‍ത്തി നോക്കില്ല ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം പാഞ്ഞെത്തുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണര്‍ത്തില്ല ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍ ടോര്‍ച്ചെടുക്കേണ്ട വിഷം തീണ്ടി രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത അയല്‍ക്കാരനെയോത്ത് ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ് ഇന്നലെ ഇല്ലാതായി ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം ഞാന്‍ എത്തിയാല്‍ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു തന്റെ കുറ്റമാണു ഞാനനുഭവിക്കുന്നതത്രയും എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന് അമ്മ ഇന്നലെ മുക്തയായി ഒടുവില്‍ അമ്മയെന്നെ പെറ്റു തീര്‍ന്നു ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ ദു:ഖം കൊണ്ട് ഇനിയാരും കരയുകയില്ല.. 🌹

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌

  ചന്ദ്രിക സാറ്‌ രക്ഷകർത്താവിനെ വിളിച്ചോണ്ട്‌ വരാൻ പറഞ്ഞ്‌ ഞാൻ വീട്ടിപ്പറഞ്ഞില്ല വഴക്കു പറയുവോ അടി കൊള്ളുവോ എന്നൊന്നുവൊള്ള പേടിയില്ല നാണക്കേടാരുന്ന് അഛൻ നേരത്തെയേറ്റ പൂട്ടൊള്ളോണ്ട്‌ വരത്തില്ല അമ്മ വരും പക്ഷെ നാണക്കേടാരുന്ന് എല്ലാരുടേം അഛനുമമ്മേം നല്ല ചെറുപ്പക്കാര്‌ എന്റത്‌ മാത്രം നരച്ചു പോയോര്‌ നാണക്കേടാരുന്ന് ഞാൻ വിളിച്ചോണ്ട്‌ ചെന്നില്ല രണ്ട്‌ ദെവസം വെളീൽ നിർത്തിയിട്ട്‌ സാറതങ്ങ്‌ മറന്ന് പത്തിലെ പരീക്ഷയ്ക്ക്‌ ഉച്ചക്ക്‌ ഉണ്ണാൻ വീട്ടിലോടിച്ചെല്ലണ്ടാന്നും പറഞ്ഞ്‌ അമ്മ അഞ്ച്‌ രൂപാ തന്നുവിടും രണ്ട്‌ പരീക്ഷയാണ്‌ ഒരു ദെവസം അഞ്ച്‌ രൂപക്ക്‌ സ്റ്റാർ ഹോട്ടലീന്ന് രണ്ട്‌ പൊറോട്ടയും സാമ്പാറും കിട്ടും കണക്ക്‌ പരീക്ഷക്ക്‌ അമ്മ കാശ്‌ തന്നില്ല ഇല്ലാത്തോണ്ടാണ്‌ ചവിട്ടിത്തുള്ളി സ്കൂളിലോട്ട്‌ പോയ എന്നെ തെരക്കി ആരാണ്ടോട്‌ കടം വേടിച്ച അഞ്ച്‌ രൂപായും കൊണ്ട്‌ ഒര്‌ നരച്ച തല പരീക്ഷാഹാളിന്റെ വാതുക്കൽ വന്നു നാണക്കേടുകൊണ്ട്‌ ഞാനാകെ ചൂളിപ്പോയി രാവിലത്തെ പരീക്ഷ കഴിയുന്നവരെ അഞ്ച്‌ രൂപായുങ്കൊണ്ടവര്‌ വെളീൽ നിന്നു ഒന്നും എഴുതാൻ പറ്റിയില്ല ഒന്നാമത്‌ കണക്ക്‌ ഒന്നും അറിയത്തില്ല അതിന്റെ കൂടെ ചന്തിക്ക്‌ മണ്ണ്‌ പറ്റിയ മുണ്...

അമ്മ പാടുമ്പോൾ /ബി കെ ഹരിനാരായണൻ

  അമ്മ പാടുമ്പോൾ താളം തെല്ലിട മുറിഞ്ഞേക്കാം വരികൾ മാറിപ്പോകാ- മീണവും തെറ്റാറുണ്ട്‌ എങ്കിലുമതുകേട്ടേ വേവാറുള്ളരി, ദോശ- ത്തട്ടിലെ സൂര്യൻ വട്ടം വിടരാൻ വേണം പാട്ട്‌ അമ്മ പാടുമ്പോൾ മാത്രം കത്തുന്നൊരടുപ്പുണ്ട്‌ മിക്സിക്കു മൃദംഗത്തിൻ മൃദുത്വം വരാറുണ്ട്‌ മൂന്നാമതൊരു കൂക്കു മറക്കും കുക്കർ, തിള- ച്ചാവി പൊന്തിയാൽപ്പോലും തൂവാതെ നിൽക്കും പാല്‌ അമ്മ പാടുമ്പോൾ ഇട- പ്പരസ്യം കൊടുക്കാത്ത കുഞ്ഞുറേഡിയോ സ്റ്റേഷ- നാകാറുണ്ടടുക്കള വരിതെറ്റിയാൽ ഞാനും പെങ്ങളും കളിയാക്കി- ച്ചെവി പൊത്തിയാൽപ്പോലും കിളികൾക്കില്ലാ പ്രശ്നം അവരാവരാന്തതൻ വരിയിൽ ബിസ്ക്കറ്റിന്റെ പൊടിയും കൊറിച്ചൊരു താളത്തിലിരിപ്പുണ്ടാം അമ്മ പാടുമ്പോൾ ചാര- ത്തണ്ണാറക്കണ്ണൻ വാലിൻ ചാമരം വീശിക്കൊണ്ട്‌ പാൽക്കിണ്ണം നക്കാറുണ്ട്‌ വറ്റു കൊത്തീടും കാക്ക, കുതിർത്തൊരാരോറൂട്ടിൽ കണ്ണു വെച്ചീടും പൂച്ച സാമ്പാറും പഞ്ചാരയും കുഴയ്ക്കും ചോറുണ്ണുവാൻ മോഹൻലാലിനെപ്പോലെ ചെരിഞ്ഞേ വരും മയിൽ അമ്മ പാടുമ്പോൾ വെയിൽ തണുത്തേ പോകാറുണ്ട്‌ പോകാതെനിൽക്കും പകൽ ഉച്ചയെ പ്‌രാകാറുണ്ട്‌ ഉണ്മയാൽ സ്വരപ്പെടു- ത്തുന്നൊരു പാട്ടായ്‌ വീടിൻ ഉമ്മറം മാറാറുണ്ട്‌ സന്ധ്യ മാഞ്ഞീടാറുണ്ട്‌. രാത്രിയിൽ ചുമച്ചമ്മ...

അമ്മ /രേഖ രാജ്

  സമൃദ്ധിയുടെ നടുവിലും സനാഥയായിരുന്നിട്ടും അനാഥമായ ബാല്യകൗമാരം . മാറ്റി നിർത്തലുകളുടെ , കുത്തുവാക്കുകളുടെ  ശരമേറ്റു മുറിഞ്ഞ യൗവ്വനം . ആർഭാടങ്ങളെ മാറ്റി നിർത്തിയ , പിടിച്ചും പിശുക്കിയുമുള്ള ദിനരാത്രങ്ങൾ . വിരഹത്തിൻ വേദന ചുമന്ന ഒറ്റയാൻ ദാമ്പത്യം . യൗവ്വനത്തിൻ്റെ പൂത്തുമ്പികൾ പാറി നടന്നപ്പോളരികെയുണ്ടായിട്ടും  ജീവിതം കൈവിട്ടു പകച്ചുപോയ കാലം . തളരാത്ത മനസ്സിൻ്റെ കടിഞ്ഞാണിൽ സ്വയം വലിഞ്ഞു മുറുകി സന്തോഷം നടിക്കുന്ന വാർദ്ധക്യം. ഇതുവരെയെന്തു നേടിയെന്ന ചിന്തയിലും , കണ്ണുനീർ തുള്ളിയിൽ ആത്മസംതൃപ്തിയുടെ മറ പിടിച്ച് , നഷ്ടസ്വപ്നങ്ങളുടെ കണക്കുകൾ പറയാതെ പറയുന്ന അമ്മ മനസ്സ്  ....

ഞാള് /അരുൺ ഭാസ്കർ

ചെറ്റമറച്ച്  മുല വായിൽ തിരുകി  അമ്മ പറഞ്ഞു,  കുടിക്ക്..  കുടിച്ച്  വയറുനിറയും മുന്നേ  പാൽ വറ്റി..  അമ്മയെന്നോട്  പറഞ്ഞു..  കൊല്ലും..  മ്മളെ  ഓര് കൊല്ലും..  ഇക്കൊന്നും  തിരിഞ്ഞീല..  വലുതായി  കൈയും കാലും  നീണ്ടപ്പോ,   ഞാൻ  കാട്ടില്  വെറകു  വെട്ടാൻപോയ്..  അമ്മ പറഞ്ഞ് ,  കൊല്ലും..  മ്മളെ  ഓര്  കൊല്ലും...  അമ്മ  കാടിന്റെ  മൂലക്ക്,  ഇലേടെ ഇരുട്ടില്  ചത്തുമലച്ചു..  നടന്നു തെണ്ടി  വെശപ്പു മൂത്തപ്പോ  ചോയ്‌ക്കാണ്ടെടുത്തേന്  ഓരെന്നെ   തല്ലിക്കൊന്നു.. ചത്തപോലെ  ഞാള്  പിന്നേം പൊറന്ന്..  വേറെ മണ്ണില്..  കാലൊറപ്പിച്ചു  നടന്ന്..  അമ്മ പറഞ്ഞ്,  ഓര്  മ്മളെ കൊല്ലും..  ഓര് ഞാളെ കൊന്ന്..  എറച്ചി തിന്നേന്..  അടിച്ചടിച്ച് കൊന്ന്..  ചത്തപോലെ  ഞാള്  പിന്നേം പൊറന്ന്..  നെറേ മരങ്ങള്  ഉള്ളോടത്ത്..  പൂമ്പാറ്റ  പാറണോടത്ത്..  അമ്മ പറഞ്ഞ്,...

മാങ്ങാ മണം /അരുൺ ഭാസ്കർ

ആരാന്നു മനസ്സിലായോ ?  മകൾ അമ്മയുടെ  അടുത്തേക്ക്  ചേർന്നു . ഇല്ല്യ . കണ്ടില്ലേ  അമ്മ പറയില്ല്യ.  മറവി.  പ്രായാവും തോറും  കൂടണ മറവി.  പ്പൊ മോളേം . ശരിക്കും മനസ്സിലായില്യേ?   ശാരദ, ഇളയ മോള്.  ശാരത.  ശാരത .. ആരാണാവോ ?  അമ്മ കണ്ണടച്ചു .  മോൾക്ക് കരച്ചിൽ വന്നു . ഓർമല്ല്യേ?   ഉമിക്കരികൊണ്ട് പല്ല് തേച്ചു തന്നത്?   ആട്ടിയ വെളിച്ചെണ്ണ മേല്തേച്ചു കുളിപ്പിച്ചത് ?  ഭംഗിയായി മുടി മെടഞ്ഞു  ചെറിയൊരു തെച്ചിപ്പൂ വെച്ചുതന്നത്?   അമ്മേടെ സുന്ദരിക്കോതയെന്നു  ഓരോ ഉമ്മയിലും പറഞ്ഞത്?   ശാരദ?   അമ്മേടെ ശാരദ?   ആരാണാവോ ?  അമ്മ തിരിഞ്ഞു കിടന്നു . ഡയപ്പർ മാറ്റുന്നതിനിടെ  വേലക്കാരിയെ ഉമ്മവെച്ചുകൊണ്ട്  അമ്മ പറഞ്ഞു , ഇപ്പൊ പിടികിട്ടി , ന്റെ ശാരത , അന്നും നിനക്ക് ഇതുപോലെ  കണ്ണിമാങ്ങാച്ചുനേടെ  മണേര്ന്ന്. - 

ഇരുമ്പുപെറ്റ പെണ്ണ് /അരുൺ ഭാസ്കർ

കരയാതെ  കുഞ്ഞേ, കൺനിറയാതെ  കുഞ്ഞേ..  നിന്നെ  പെറ്റിട്ടിട്ടമ്മപോയീ  കരിങ്കല്ലുടക്കുവാൻ..  കാരിരുമ്പിൻ  കരൾത്തടം  വേനലിൽ,  കാച്ചിവെച്ചപോൽ  തീക്കനലായിതാ..  ചോര നീരായി  പുഴയായി  കടലായി  കടലിലെ മീനായി,  തിരയായി  നുരയായി...  അമ്മ പെണ്ണാണ്  പൂവാണ്  തളിരാണ്..  പാട്ടുപാടും  പലരുമെന്നാകിലും  എന്റെയോമനേ  നിന്നമ്മ  പൂവല്ല,  നെയ്തലാമ്പൽ  തളിരല്ല  മൊട്ടല്ല..  നിന്നമ്മ മഴയല്ല കുളിരല്ല,  കാറ്റല്ല..  മൂളും കുയിലല്ല..  ആടും മയിലല്ല..  വിണ്ടുകീറിയ  ഭൂമിപോൽ  കാലുകൾ,  മണ്ണിടിയുന്ന  കുന്നുപോൽ മാറിടം, ചാലു കീറി- ക്കുഴച്ചു മറിച്ചിട്ട  തോന്നലിന്റെ  വിരിഞ്ഞനെറ്റിത്തടം..  തീയാണ്  ചൂടാണ്  കനലാണ്  പുകയാണ്... കത്തും വിളക്കാണ്, ഇടിമിന്നലൊളിയാണ്..  കുഞ്ഞു  കരയണ്ട,  ഞെട്ടണ്ട, തേങ്ങണ്ട.. അമ്മക്കൈയ്യാൽ   പൊടിയട്ടെ പാറകൾ.. വളയിട്ട കൈകളാൽ പൊടിയട്ടെ  പാറയും  ശിഥിലമായൊരു  നാടും...

പാലൂട്ട് /അരുൺ ഭാസ്കർ

  ആകാശത്തിന്റെ ചെരിവിലെ  ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയെന്റെ  സൂര്യൻ ചത്തുപോവുന്നു.  പിടച്ചിലിന്റെ ശ്വാസം  കാറ്റിനെ തോല്പിക്കുന്നു..  രണ്ടു ചെറിയ കുന്നുകൾ..  അതിന്റെ ഇടയിലൂടെയാണീ പാളം  ഇണചേരാത്ത പാമ്പുകളെപ്പോലെ  നീണ്ടു പോകുന്നത് . ഇവിടെയാണെനിക്കുടലുപേക്ഷിക്കേണ്ടത്..  ചുവന്ന ഉപ്പുപരലുകളായി  അടുത്ത മഴയിൽ,   തീരാത്ത മുറിപ്പാടുകളായി  തോർന്നുപോകേണ്ടത്..  പാളങ്ങൾ..  ഒരിക്കലും ഇണചേരാത്ത പാമ്പുകൾ  എനിക്കു ചിരിവന്നു...  പാമ്പിന്റെയുടലിൽ  ഒരു കുട്ടി തനിച്ചിരിക്കുന്നു.  വിജനത.  അപാരമായ വിജനത.  കുട്ടിയും പാളങ്ങളും  വിയർപ്പിന്റെ,   ഉഷ്ണക്കാറ്റിന്റെ  വാരിയെല്ലുകൾ...  തനിച്ചിരിക്കുന്നതെന്തിന്?  കുട്ടി കരഞ്ഞു.  അമ്മ നിന്നേടത്തു നിൽക്കണമെന്നാണ് പറഞ്ഞത്.  അമ്മ തിരിച്ചു വരുമെന്നും..  വഴിതെറ്റി പോകല്ലേയെന്നും...  ഇവിടെയാണെന്റെയമ്മ  നിന്നത്..  ഒരു തീവണ്ടിയൊച്ചയിൽ നടന്നുപോയത്.  അമ്മ വരും...  അമ്മ വരും...  പാളത്തിലേക്കു കുനിഞ്ഞ...

അഭിലാഷ് ടി.പി

 അതിരാവിലെ സാരിയുടുത്തൊരുങ്ങിയമ്മ  മഞ്ഞിൽ, പതിയെ ബൈക്കിൽ ഞങ്ങൾ രണ്ടു പാടങ്ങൾ കൂട്ടിത്തുന്നിയ വഴിയേ.. പണ്ട് പാടത്തു കുറുമ്പ് ഒഴുക്കാൻ അമ്മ ചൂളമിട്ട് കൂടെ കൂട്ടീരുന്ന കാറ്റ്, അമ്മയെ കണ്ട് മേലാകെ കച്ചിപൊടിയുമായ്‌ പാടത്തൂന്ന് ഓടിക്കേറിവന്ന് വിളിച്ചു. തൂമ്പാകയ്യിൽ പാറപ്പൊടി തൂവി തേച്ച് മിനുക്കിയ അരിവാളും കറ്റചാക്കും  എന്തിയേന്ന് ചോദിച്ച് സാരിത്തുമ്പിൽ തൂങ്ങി. കച്ചി ചൂരടിച്ച് അമ്മ തുമ്മി ചുമച്ചു തുപ്പി കാറ്റ് അത് കണ്ട് പിന്നോട്ടോടി തോട്ടിലെ കാപ്പിനിറ വെള്ളത്തിൽ എരണ്ടകളോടൊപ്പം ഇറങ്ങി കിടന്ന് കരഞ്ഞു. മെഷീനുകൾ കൊയ്ത് നെല്ലും പതിരും തിരിച്ച് കൊയ്മാരുടെ  കാൽ ചുവട്ടിൽ പൊലിച്ചു. സാരിക്ക് മുകളിൽ കസവുമുണ്ട് ചുറ്റി ട്രെഡ് മില്ലിൽ അമ്മസവാരി ട്രെഡ് മിൽ ടെസ്റ്റ്‌! വിയർത്തു കുളിച്ചെങ്കിലും, പണ്ട് വാശിക്ക് കറ്റ മെതിച്ച അതേ പോര് ചങ്കിടിച്ച് കാൽവിറച്ചു ഇരിപ്പുറക്കാതെ ഞാനും

തള്ളയുടെ തനിക്കൊണം/ അമ്മു വള്ളിക്കാട്ട്

രണ്ടു സഹോദരൻമാർ  സദാ കടിപിടി കൂടി പാമ്പും കീരിയും കടിച്ചും കൊത്തിയും ചീറിയും പാഞ്ഞും പറിച്ചും പ്രാകിയും രക്തം കുത്തിയെടുത്തും കൊല്ലങ്ങൾ കാണാതെ കേൾക്കാതെ മിണ്ടാതെ! വളർത്തു ദോഷമെന്ന് തള്ളയെ പള്ള് പറഞ്ഞു, നാട്ടുകാർ പറമ്പിലെ പണിയും വീട്ടിലെ പണിയും ആരാൻറെ പണിയും സഹോദര സ്നേഹം തളളമാർക്കൊള്ളതാണ്! അതു കൊണ്ടത്രേ കുഞ്ഞുങ്ങൾ കലഹിക്കുമ്പോൾ തള്ളയുടെ തലതല്ലിപ്പിളരുന്നത് കൊഞ്ചിക്കാൻ പ്രാക്കൊഴിഞ്ഞ് നേരം കിട്ടിയില്ല തള്ളയ്ക്ക് ഒന്നെടുത്ത് താരാട്ടിത്തട്ടാനായി പണിയൊഴിഞ്ഞ്  നടുനിവർത്താനായില്ല കെട്ടിപിടിച്ചുമ്മകൾവയ്ക്കാൻ വിയർത്തിട്ട് മുഷിഞ്ഞത് മാറ്റികിട്ടിയില്ല പങ്ക് വെയ്ക്കാൻ സമൃദ്ധിയില്ല  നല്ല വാക്കോതാൻ നൽ കഥകളുമില്ല കുട്ടികൾ തമ്മിൽ കലഹിച്ചു മുതിർന്നത് തള്ള ശ്രദ്ധച്ചതേയില്ല

അമ്മ/ശ്രീക്കുട്ടി ജിൽജിത്ത്

അമ്മ   വാർദ്ധക്യത്തിലേക്കെത്തുമ്പോൾ,  മൃത്യുവിന്റെ വരവുകാത്ത്   കട്ടിൽക്കിടക്കയിലെ,  പൊങ്ങിത്താഴുന്ന മൃദു ജലത്തിൽ,  കുഞ്ഞുനാളിൽ നീന്തിക്കളിച്ച-  കാലമോർത്ത് കിടക്കുമ്പോൾ  പതിയെയാ അരികിലേക്ക്  ചെല്ലണം  ശുഷ്കിച്ച, കൈവിരലുകളിൽ തലോടി  പീളകെട്ടിയ പാതിയടഞ്ഞ കൺകൾക്കുള്ളിലെ,  മങ്ങാത്ത,നിറവെളിച്ചത്തിലേക്ക്  നടന്നുകേറണം.  അവിടെയപ്പോൾ കാണാം  നിന്റെ കാലടികൾ പതിഞ്ഞ  ഉദരഭിത്തികൾ  കുളിരു കോരി കിടക്കുന്നത്.  അതീവ സൂക്ഷ്മമായി നോക്കൂ  അതിനപ്പുറം, നിന്റെ  ബാല്യ കൗമാര യൗവന ലീലാവിലാസങ്ങൾ  കറുത്ത തഴമ്പിച്ച്,  കുളിരേക്കാതെ കിടക്കുന്നുണ്ട്.  അതീവ ശ്രദ്ധയോടെ വേണം  ഓരോ ഇടവും കണ്ടെടുക്കുവാൻ.  ശൈശവത്തിൽ,  കയ്യിൽ നിന്നും വഴുതാതെ,വീഴാതെ  നിന്നെ കാത്ത അതേ കരുതലോടെ.  കൊഞ്ചി ചിരിയിൽ കുളിർന്ന   പാവം ഹൃദയം  നിന്റെ കരുതലില്ലായ്മയിൽ,  കണ്ണീരിൽ അലിഞ്ഞ്, തുള വീണു പോയിട്ടുണ്ട്.  വാർദ്ധക്യം ആയതിനാൽ ഓപ്പറേഷൻ വേണ്ടെന്ന് ഡോക്ടർ  ഇനിയും നീറി പിടയാൻ വയ്യാത്തതിന...

കരിനാക്ക് തള്ളേം കരിങ്കുട്ട്യോളും / നിഖിൽ തങ്കപ്പൻ

പൊഴക്കരേലെ തോട്ടത്തിലെ മണ്ണ് പോലാണ് ഞങ്ങടമ്മേടെ നാക്ക്. കറുപ്പ് രാശി കലർന്ന ചുവപ്പ്- ന്നൊക്കെ പറയൂലെ.. പൊഴ കൊണ്ടന്ന മണ്ണാണ് തോട്ടത്തില്. നട്ടാൽ എന്തും കുരുക്കും. ഞങ്ങടമ്മേടെ നാവ് പോലന്നെ. കരിനാക്ക് തള്ളാന്നാണ് നാട്ടിലെ പിള്ളേര് വിളിക്ക്യാ കരിന്തള്ളാന്നും വിളിക്കും, ഞങ്ങളെ കരിങ്കുട്ട്യോള്ന്ന് വിളിക്കണ പോലെ. ഫോ! ഇതൊക്കെ കേക്കുമ്പോ കറ്ത്ത കുത്ത്കള് ള്ള നാവോണ്ട് അമ്മ ഉറക്കെ ആട്ടും. പക്ഷേ പിള്ളേരൊന്നും ഞങ്ങടെ പറമ്പിലിക്ക്  കാലെട്ത്ത് കുത്തില്ല. പട്ടണത്തിലെ പണക്കാര് തിന്നും തൂറീം ബാക്ക്യായതൊക്കെ കൊണ്ടന്ന് തട്ടണ പറമ്പല്ലേ ഞങ്ങടെ. അവര്ടെ കുട്ട്യോള് ഇര്ന്നിര്ന്നു ബാക്ക്യാവണ കറ്ത്ത ബെഞ്ചിലല്ലേ, ഞങ്ങള് സ്‌കൂളീപ്പോയാ ഇരിക്ക്യാ. മുമ്പിലെ ബെഞ്ചീന്ന് തിരിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോ, അവര് കരിങ്കുട്ടി കരിങ്കുട്ടീന്ന് പിറ്പിറ്ക്കില്ലേ, ഉച്ചക്കഞ്ഞി കയ്യിട്ട് വാരിക്കുടിക്കുമ്പോ അട്ത്തിരുന്ന പെങ്കുട്ടി ഓക്കാനിച്ച് ഓടിപ്പോയതാ അപ്പൊ ഓർമ്മ വരാ.. രാത്രി പട്ടിണി കെടക്ക്മ്പോ ഇതൊക്കെ ഞങ്ങള് അമ്മേടട്ത്ത് പറയും. ഥൂ.! കരിനാക്കോണ്ട്  അമ്മ  മുറ്റത്തിക്ക് തുപ്പും. ന്നിട്ട് പറയും, പൊഴക്കരേലെ മണ്ണാ നമ്മള്ന്ന്....

രണ്ടാം ഭാവം / പ്രേം കൃഷ്ണൻ

  ഒരിക്കൽ ഒരിക്കൽ മാത്രം നിങ്ങളുടേതായ നിങ്ങളിലെ ഒരു നിമിഷത്തിൽ വലതു കരമുയർത്തി ഉള്ളം കയ് കൊണ്ട് മൂക്ക് മൃദുവായി മൂടുക എന്നിട്ട് അകത്തേക്ക്  മണങ്ങളെ ആവാഹിക്കണം കൈക്കുമ്പിളിൽ  നിന്നൊഴുകിയേക്കാം ഇലച്ചാർത്തുകൾ പൂക്കൾ ജലം ഉപ്പ് അത് ചേർത്ത കറികൾ മോരൊഴിച്ചു കൂട്ടാൻ ഉളളി തെളിയുന്ന രുചി വാഴക്കൂമ്പിൻ്റെ തോട്ടം കപ്പപ്പുഴുക്കിൻ്റെ പുരാണം ചിക്കൻ്റെ മുറുമുറുപ്പ് പോത്തിറച്ചിയുടെ വറുത്തര വീണ് പൊട്ടിയ മുട്ടകളുടെ ഓംലറ്റുകൾ ജലജീവികളുടെ മൽസ്യവിരുന്നുകൾ ആരോടും പറയാതിരുന്ന വിശപ്പിൻ്റെ രഹസ്യങ്ങൾ അങ്ങനെ .. അപ്പോൾ ഇടത് കൈ വചനമില്ലാതെ  മൗനമായിരുന്നേക്കാം അതിനെ ഇത് പോലെ തന്നെ മെല്ലെ വിളിക്കുക എന്നിട്ട് ഉയിർ പോലെ മണക്കുക അത്ര നാൾ കഴുകി കളഞ്ഞ് കാത്ത  മലത്തിൻ്റെ മണമായിരിക്കില്ല  അതിൻ്റെ രേഖകൾക്ക്  മറിച്ച് ഇത്ര കാലം രചിച്ച വലം രുചികളുടെ  മിഴികൾ കണ്ട്  മൗനത്തിൽ ചാരിതാർഥ്യത്തോടെ വിതുമ്പുകയാകാമത് അമ്മയെ പോലെ..

അടുക്കളപ്പാതി / ശ്രീകാന്ത് താമരശ്ശേരി

  1 നെറുകയിലിറവെള്ളം വീണ്    മുറ്റത്തു നില്ക്കും ചെടിയുടെ തല തോർത്തിക്കൊണ്ടു നിൽക്കുന്ന കാറ്റേ, കടലുകളകലത്താണെങ്കിലും ; സങ്കടത്തിൻ- വറുതിയിൽ മുകരാൻ  ശോഷിച്ച നിൻ കൈകൾ മാത്രം..!               2 നിറഞ്ഞ സന്ധ്യയ്ക്ക് തല തോർത്തിച്ചമ്മ കുളപ്പടവിലേക്കുയർത്തി നിർത്തുമ്പോൾ ഇലപ്പഴുതിലൂടരിച്ചെത്തും കാറ്റെൻ തണുത്ത മെയ്യിലീർച്ചവാളിറക്കുമ്പോൾ എടുത്തുകുത്തിയ പുടവമേൽ തിരു- പ്പിടിച്ചുഞാൻകുതിർന്നുലർന്നു നില്ക്കുമ്പോൾ കുലുങ്ങി മൂളുമാക്കവിത പൂശിയ വളതൻ വക്കെന്റ ചെവി തിരുമ്മുന്നൂ..! 3. സങ്കടത്തിന്റെ ചെങ്കല്ലടുപ്പിൽ കഞ്ഞിവെള്ളം തിളച്ചു തൂവുന്നൂ തീവളർത്ത കനലിലൊരല്പം പേടികൊണ്ടു കറുത്തുപോകുന്നൂ നാലരക്കു നടുവു നിവർക്കും നാഴികമണി നിദ്രകൊള്ളുന്നൂ ചങ്കു പൊട്ടും ചിരട്ടതൻ ശ്വാസം മെല്ലെമെല്ലെ കിതച്ചു ചീറ്റുന്നൂ. കത്തി താനേ കറിക്കരിയുന്നൂ, ചൂലു ചെന്നു ചവറടിക്കുന്നൂ, പാതിയമ്പുറത്തിൽ പുകകൊണ്ടു ജാതിപത്രി മുടിയുണക്കുന്നൂ ഊതിയൂതിത്തളർന്ന കുഴലിൻ വായുനാളം കരിപിടിക്കുന്നൂ പിണ്‌ഡതൈലമുഴിഞ്ഞൊരു കോണിൽ അമ്മ മാത്രമുണർന്നിരിക്കുന്നൂ..

പറയിയമ്മ /സുനിത എഴുമാവിൽ

ഇന്നലെയോളവും കണ്ടതല്ലാകാശ- മെന്നു വിളിച്ചു പറയുന്നു താരകം വെട്ടം വെറുങ്ങലിച്ചന്തിയാവുന്നൊരീ തിട്ടിൽ ഞാൻ നിൽക്കവേ മാറുന്നു കാഴ്ചകൾ!  കേൾക്കുന്നുവോ നീ, നടുക്കുന്നൊരാവിളി? കേൾപ്പു ഞാനെപ്പൊഴും,         'അമ്മേ..' വിളിപ്പിതാ.. കുന്നത്തു നാട്ടി നീ കല്ലാക്കി മാറ്റിയോ- രെന്നുണ്ണി, മൗനം മഹാകാരമാർന്നവൻ! വയ്യിനിത്താങ്ങുവാൻ, നീറ്റുന്ന ബന്ധനം  മെയ്യിൽ കൊളുത്തി വലിക്കുന്നുവെങ്കിലും പോകുന്നു, കേൾക്കാതെ പോകുന്ന വാക്കുമായ് മാഴ്കുന്ന കുഞ്ഞിനെ മാറോടണക്കുവാൻ  നീരറ്റു പോയൊരീ തീർത്ഥായനത്തിൽ നാം ചേരാത്ത ചിത്തം ചുമക്കേണ്ടതില്ലിനി ഏതോ പഴങ്കഥപ്പാട്ടിൽ പുലരുവാൻ കാതങ്ങൾ താണ്ടിയൊടുങ്ങേണ്ടതില്ലിനി. കേട്ടിരിക്കുന്നു ഞാൻ, പാതിവ്രത്യത്തിനെ- പ്പട്ടുചാർത്തിത്തൊഴുമന്യാപദേ ശകം! കാന്തനെക്കാക്കുവാൻ, കാലനെത്തോൽപ്പിച്ചു കാന്തിയേറ്റീ പണ്ടു, സാവിത്രി! തൻ കുലം. മാർഗ്ഗം പിഴച്ചോരു നാഥൻറെ കാൽക്കലും സ്വർഗ്ഗം തപം ചെയ്തൊരുക്കി, ശീലാവതി! ദൈവങ്ങളൊക്കെയും പൈതങ്ങളായ് ശുദ്ധ നൈവേദ്യവുമായരുന്ധതി യെത്തവേ! തല്ലിപ്പതം വരാത്തെന്നും വഴിയിലൂ- ടല്ലൽക്കനലിൽ നടന്നു പൊന്നെങ്കിലും വീരം കലർന്ന പുരാവൃത്തമെപ്പൊഴും പേരിൽപ്പ...

അമ്മയെ പടിയിറക്കുമ്പോൾ /കെ ടി എ ഷുക്കൂർ മമ്പാട്

പടിയിറക്കുമ്പോൾ ഉണങ്ങിയ മുലക്കണ്ണുകൾ വീണ്ടും ദയ ചുരത്തിയേക്കാം. വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ അമ്മിഞ്ഞപ്പാലോർമ്മകളിൽ ചെന്നിനായകം പുരട്ടുക. അപശ്രുതി മീട്ടുന്ന ഹൃദയത്തിനുള്ളിൽ നിന്ന് പേറ്റുനോവോർമ്മകൾ ആദിഭാഷയിലൊരു അനാദിയാം താരാട്ടായ് തേങ്ങുമ്പോൾ പൊക്കിൾക്കൊടിയടയാളം വിറ കൊള്ളുന്നത് അറിഞ്ഞില്ലെന്നു നടിച്ചു നന്ദികേടിന്റെ ഇയ്യമുരുക്കി ചെവി മൂടുക. ഇല്ലായ്മകൾ കണ്ണീരുപ്പും ചേർത്ത് ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട് വേവിച്ച് വല്ലായ്മകൾ മറച്ചു വെച്ച നാളുകളിൽ ശൂന്യതയിലേയ്ക്കു നോക്കി തേയ്മാനം വന്ന കുഴിഞ്ഞ കൺകോണുകളിൽ സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം... സൂക്ഷിച്ചു നോക്കരുത് പതറി പോയേക്കാം. ആരുമാരും സാന്ത്വനമാകാത്ത ചില നേരങ്ങളിൽ ഓർമ്മയുടെ ഏടുകൾ മറിച്ചു നോക്കണം അമ്മയുടെ മടിയിൽ ഒരു കുഞ്ഞായ് ചിണുങ്ങണം അപ്പോൾ, ആ കൈവിരലുകൾ മുടിനാരിഴകൾക്കിടയിൽ അത്ഭുതകാവ്യം രചിക്കുന്നത് കാണാം അതു മതിയാകും അമ്മയുടെ സ്മരണയ്ക്കായ്..!

നേർക്കാഴ്ച /സംഗീത ജാൻവി

നാളത്തേക്കുള്ള പച്ചക്കറികൾ മക്കളെത്തും മുന്നേ മുറിച്ചുവെക്കണമെന്നോർത്താണ് ധൃതിയിലവൾ വലതുകാൽ താഴേക്ക് വെച്ചത്.  കാലൊന്ന് തെന്നി സഹായത്തിനായി തന്നിലേക്ക് നീണ്ടു വരുന്ന ചുറ്റുമുള്ളവരുടെ കൈവിരലുകളിൽ തൊടാനാവാതെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലേക്ക് വഴുതി വീണത്.  വാരിയെടുത്ത ജീവനില്ലാത്ത ഇറച്ചിക്കഷണങ്ങൾക്ക് നാളെ നാളെയെന്ന അവളുടെ തോന്നലിനേക്കാൾ വലിപ്പമുണ്ടായിരുന്നു.. ■■■■■■■■■■■■■■■■■■■

ഒറ്റയ്ക്കല്ല /രാജി രമേന്ദ്രൻ

 ചുക്കിച്ചുളിഞ്ഞു  മെലിഞ്ഞൊരു  വിറയാർന്ന കൈ! കാറ്റിൽ  പറന്നു  പോകുന്ന വെളുത്ത  മുടിനാരുകൾ! പതുക്കെയാരോ  ശ്വാസം മുട്ടി  കരയുന്നു! അമ്മ  അമ്മയെന്ന്  അലറി വിളിച്ചവൾ  സ്വപ്നത്തിൽ നിന്നും  ഞെട്ടിയുണരുന്നു! അമ്മയവിടെയും  തനിച്ചായിരിക്കുമോ? അമ്മയ്ക്ക്  കൂട്ടു വേണം! സ്റ്റൂളിൽ കയറി നിന്ന്  സാരിത്തലപ്പിലൊരു  കുരുക്കിട്ടതിലേക്ക്  കഴുത്തു നീട്ടി  ചങ്ക് പൊട്ടുന്നൊരു  വിളി കൊണ്ടവൾ  അമ്മയെ തൊട്ടു!! അങ്ങനെ  തനിച്ചാക്കപ്പെടലിന്റെ  വേദനയവളും  പങ്കിട്ടെടുത്തു! ഇപ്പോൾ  അമ്മയും  അവളും ഒറ്റയ്ക്കല്ല!

ചില വിളികളിൽ നിന്നും /രാജി രമേന്ദ്രൻ

 എന്റെ വീട്ടിലേക്കുള്ള  വഴിയിലെ  നാലാമത്തെ  വളവിലായിരുന്നു  അവന്റെ വീട്  മതിലില്ലായിരുന്നു! പകരം, വേലിക്കൽ നിറയെ  കരുനൊച്ചി പൂത്തു  നിൽപ്പുണ്ടാകും! മുറ്റം നിറയെ  കനകാംബരപ്പൂക്കളും! വെളുത്തു മെലിഞ്ഞു  എല്ലും പല്ലും പൊങ്ങി  വായീന്നും മൂക്കീന്നും  നീരൊലിപ്പിച്ചു  ഒരു പത്തുപതിനാറ്  വയസേ തോന്നിക്കുള്ളുവെങ്കിലും  ആറു വയസ്സിന്റെ ബുദ്ധി പോലുമില്ലാത്ത  ചെക്കൻ! അതുവഴി നടന്നു പോകുമ്പോൾ  അവനെന്നോട് കൈയുയർത്തി  റ്റാറ്റാ പറഞ്ഞു  ഉറക്കെയുറക്കെ ചിരിച്ചു തുള്ളും! അച്ഛനവനെ പിടിച്ചു  നിർത്താൻ ബുദ്ധിമുട്ടുന്ന  പോലെ തോന്നും! ചിലപ്പോഴൊക്കെ  എനിക്കും പേടി തോന്നാറുണ്ട്! അവനോടി വന്നെന്നെ  എന്തേലും ചെയ്താലോന്ന്! അങ്ങനെയൊന്നും  ഉണ്ടായതേയില്ല! അവനെന്നും എന്നെ  കാണുമ്പോൾ ചിരിച്ചു  തുള്ളി റ്റാറ്റാ പറഞ്ഞു! ഒരീസം അവന്റെ  വീടിന്റെ മുറ്റം നിറയെ  ആളും ബഹളവും! ഞാനും കയറി നോക്കി! മരുന്നിനായി  കരുനൊച്ചിയില  നുള്ളാൻ വന്ന  കമലേച്ചിയെ ചെക്കൻ  കേറിപ്പിടിച്ചെന്ന്! അച്ഛനവന...

മീൻ ചൂരുള്ള രണ്ട് പെണ്ണുങ്ങൾ ! / ലിഷ ജയൻ

മറിയ പിഴച്ചതിന്റെ നാലാം നാൾ  അവളുടെ അപ്പൻ കറിവയ്പ്പുകാരൻ പാപ്പി  മരക്കൊമ്പിൽ  പെട്ട് പോയ  പട്ടം പോൽ  തൂങ്ങി നിൽക്കുമ്പോൾ  അയാളുടെ ഉടൽ നിറച്ചും ഞുളക്കുന്നപുഴുക്കളുടെ നാറ്റത്തോടെജീവിക്കേണ്ടുന്നതിനായി   കൃത്യം പത്താം മാസം  മറിയേടെ  ഉടൽ പകുത്ത്  ഫ്രാങ്കോ മണ്ണിൽ കാലുകുത്തുന്നതിനും എത്രയോ മുന്നേ  'തന്തയില്ലാത്തവൻ' എന്ന  വിളിപ്പേര് ആരൊക്കെയോ അവന് കരുതി വച്ചിരുന്നു... അമ്മ മീൻവെട്ടുന്ന  കടമുതലാളി വർക്കിച്ചൻ മുതൽ ഭദ്രാവി തങ്കൻ വരെ എത്രയോ പേരുകൾ പറഞ്ഞു കേട്ടിട്ടും  സ്കൂളിൽ  അവന്റെ തന്തയുടെ പേരിന്റെ കോളം ഒഴിഞ്ഞു തന്നെ കിടന്നു !! സങ്കടങ്ങളുടെ മടുപ്പിൽ  ഓർമ്മയുടെ തുടക്കം  മുതൽ  'അമ്മ'യെന്ന വാക്ക് ഒരു മുട്ടൻ തെറി പോൽ  അവന്റെ തൊണ്ടക്കുഴിയിൽ തികട്ടി കെട്ടിക്കിടന്നു! അമ്മയുടെ മീൻ മണങ്ങളെ  അവൻ ഊക്കിൽ ഓക്കാനിച്ചു .. സിനിമയിൽ  സുരേഷ് ഗോപിയുടെ കാതടപ്പൻ ഡയലോഗിൽ തന്തയില്ലാത്തവനാ യി  കുട്ടികൾ ഒന്നടങ്കം അവനെ കൂക്കി വിളിക്കുമ്പോൾ , അവൻ അമ്മയെ പുളിച്ച എച്ചിൽ പോൽ അറച്ചു .. അവരുടെ കണ്ണുനീർ മണക്കുന്ന...

മഴത്തുള്ളികളുടെ ചൂണ്ട / ആഗ

അത്രയേറെ നിശബ്ദമായ സംഗീതത്തെ ദൈവത്തിൻ്റെ ചുംബനത്തെ ശിശിരത്തിലെ  ഒരിലയെ വേനലിനെ മഴയെ മഞ്ഞിനെ എത്ര നാൾ  മൂടി വെക്കാനാകും? കവിതയിൽ മാതാവെന്ന വാക്കിനെ ദൈവത്തിൻ്റെ ചുംബനമെന്നെഴുതുന്നു കുട്ടിക്കാലങ്ങളിലേക്ക് കൈവിരലിൽ നിന്നുതിരുന്നു എന്ത് കൊണ്ട് അമ്മിഞ്ഞപാലിനേക്കാൾ ഈ കവിത മധുരതരമാകുന്നു! കവിത എല്ലായിടങ്ങളിലും അനാഥനാകുന്നൊരു കുഞ്ഞിൻ്റെ മാതാവാകുന്നു. ഒരു കുഞ്ഞതിൻ്റെ മാതാവിൻ്റെ മാറിടത്തിലേക്ക് വരളുന്ന ചുണ്ടായ് അനാഥനായെത്തും പോലെ സത്വത്തെക്കുറിച്ചതിൽ തുളുമ്പി തൂവും പോലെ ജീവിതം സ്വയമൊന്ന് തുളുമ്പി പോയാൽ രാത്രിയെന്നും പകലെന്നും വീതിച്ചെടുക്കേണ്ട   നമ്മുടെ തന്നെ നിമിഷങ്ങളുടെ ആകസ്മികത അതിൽ ഇരുട്ടിൻ്റെയും വെളിച്ചത്തിൻ്റെയും മഴത്തുള്ളികളുടെ ചൂണ്ട കവിത എന്ത് നിരുത്തരവാദപരമായിട്ടാണ് ജീവിതത്തിൽ തന്നെ ഇല്ലാത്തതൊന്നിനെ ഉണ്ടെന്നോർമ്മിപ്പിക്കുന്നത് മഴ പെയ്യുക തന്നെയായിരുന്നു അത്രയേറെ നിശബ്ദമായ സംഗീതത്തിൽ ദൈവത്തിൻ്റെ ചുംബനത്തിനിടയിൽ ഓർക്കാൻ മാത്രം നീണ്ട് നിൽക്കുന്ന പനിക്കാലമുള്ള മഴ നിന്നെക്കുറിച്ചോർത്ത് പനി പിടിച്ച ആദ്യരാത്രി.

നിശബ്ദത / അജിത.എം.കെ

  അന്തിയോളം ഓടി മടുക്കുന്ന  ഒന്നും ചെയ്യാനില്ലെന്ന്  നീ പറയുന്ന ജീവിതത്തിലേയ്ക്ക്  വീടിനുള്ളിലെ നിശബ്ദതയിലേയ്ക്കവൾ ഉറങ്ങിയെണിക്കും. മാറിൽ മുഖമമർത്തിയുറങ്ങുന്ന  സ്വപ്നത്തെ ഉണർത്താതെ  അൽപ്പ നേരെത്തേയ്ക്ക്  നൊമ്പരങ്ങളുടെ പകലിലേയ്ക്ക്  കണ്ണു തുറക്കും..  അടിവയറിൽ കൈ ചേർത്ത്  സങ്കടങ്ങളുടെ കണ്ണീരില്ലാത്ത  നിശ്വാസം ഉതിർക്കും..  തിരക്കിട്ട് മുറ്റമടിക്കും വേഗത്തിൽ ഭക്ഷണമുണ്ടാക്കും.. ഉണർന്നെണീറ്റോ..  പഠിക്കുന്നോയെന്ന്  ഇടയ്ക്ക് മുറിയിലേയ്ക്ക് പാളി നോക്കും... പള്ളിക്കൂടത്തിലെ ഒന്നാം ബെല്ലിനും മുൻപേ.. യൂണിഫോം ഇടുവിച്ച്  ഒരു കുഞ്ഞ് കൊതിയെ ഒരുക്കി വിടും. ചില ദിവസങ്ങളിൽ കുളിപ്പിച്ച്  സ്ക്കൂൾ ബസിന്റെ സമയത്ത് തന്നെ  മുടി ചീവി... ബാഗൊരുക്കി  കുഞ്ഞ് ആഗ്രഹത്തെ യാത്രയാക്കും. ഹോണടിക്കുന്ന ഒച്ച കേട്ട്  വൈകുന്നേരം  ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ച്  അവനെ വിട്ടിലേയ്ക്ക് കൊണ്ടും പോരുന്നത് വരെ ഓർത്ത് ഓർത്ത് ഇരിക്കും...  സ്വപ്നം കാണാത്ത പുലർക്കാലങ്ങളിൽ വേദനയോടെ  ഊഷരമായ ഗർഭപാത്രത്തെ ഓർക്കും. പിറക്കാത്ത കു...

ചുട്ട് ചുട്ടെടുക്കാവുന്ന മണ്ണപ്പങ്ങൾ /റീന വി.പിണറായി

പണ്ട് വിശപ്പധികമാവുമ്പൊഴൊക്കെ കണ്ണു നിറച്ചാണെങ്കിലും അമ്മയെനിക്കൊരു വീടുണ്ടാക്കിത്തരുമായിരുന്നു. ചോറിൻ്റെ നിറമുള്ള ചുമരുകളും മൊളേശ്ശൻ നിറമുള്ള മേൽക്കൂരയും പായസനിറമുള്ള നിലവും ലഡു മഞ്ഞ ജനാലവിരികളുമുള്ളൊരു രുചിവീട്. മുക്കാലും ഇരുണ്ടു പോയ അമ്മയുടെ അടുക്കളയിൽ അരിച്ചെമ്പിനും മുളകുപാട്ടയ്ക്കും എന്തിന്, ഉപ്പുപാത്രത്തിനു പോലും ഒരലിഖിത നിയമമുണ്ടായിരുന്നു. ആ കരിനിയമത്തിൻ്റെ ദുർനടപ്പുകളിൽ ഞങ്ങളഞ്ചും അച്ചാച്ചനും ഒറ്റയ്ക്കും തെറ്റയ്ക്കും പ്രതിഷേധ സംഘയാത്രകൾ നടത്തി. പറയുമ്പോഴൊക്കെ കേട്ടതാ കേട്ടതാന്ന് ചുമലിളക്കിയും പല്ലിറുമ്മിയും മുഷ്ടി ചുരുട്ടിയുമൊക്കെ പ്രതിഷേധിച്ചാലും അമ്മ കഥാവാതിലുകൾ തുറന്നു തന്നെയിടും രണ്ടു നേരത്തിലുപരി മുളപൊട്ടുന്ന വിശപ്പിൻ്റെ വിഷക്കൂണ്  തിന്ന് തിന്ന് പ്രാന്തെടുത്താദ്യമെണീറ്റ് പോയതേട്ടനാണ്. പിന്നീടാരൊക്കെയോ എപ്പഴൊക്കെയോ ... അന്നേരമൊക്കെയും അമ്മ വലതു കൈവിരൽ ഇടതു കൈയിലെ പരുത്ത ബീഡിച്ചപ്പിൽ പുകയിലപ്പൊടി വച്ച് ഞങ്ങളെക്കാൾ മെലിഞ്ഞ ഒരു ജീവിതത്തെ ഉരുട്ടി ഉരുട്ടിയെടുക്കുകയായിരിക്കും എത്ര ഉരുട്ടിയായും മുകളിലേക്ക് കേറാൻ കൂട്ടാക്കാതെ ആറേഴ് കല്ല് മാറാപ്പുകൾ അമ്മയെ താഴോട്ട് താഴോട്ട് പിടി...

അമ്മയില്ലാത്ത വീട്..... /രതി ചാലിശ്ശേരി

  അമ്മയില്ലാതായ ദിവസമാണ് കരിമ്പടക്കെട്ട് പുതച്ച  മേൽക്കൂരയിൽ കനത്ത ശബ്ദത്തോടെ  കരിയില പറന്നുവീണത്,  വടക്കേ മൂലയിലെ കുറ്റിച്ചൂല് നടവഴി മാറി  സഞ്ചരിച്ച് തുടങ്ങിയതും വേലിപ്പടർപ്പിൽ  അധികാരമുദ്ര പതിപ്പിച്ച  കാട്ടുവള്ളി,  കുടിലുകെട്ടി  പാർക്കാൻ തുടങ്ങിയതും  അന്നുമുതൽക്കാവണം.  കാതുപൊട്ടുന്ന ശകാരത്തിനപ്പുറവും   പാൽ ചുരത്താത്ത 'അമ്മിണി'  നീരുകെട്ടിയ അകിടിൽ  വാലുകൊണ്ട് തലോടി  പുറത്തേക്ക് കാതുകൂർപ്പിക്കുന്നുണ്ട്.   കടുകുചേർത്ത കാളനും,   ജീരകച്ചുവയുള്ള  പച്ചടിയുമായി  പുകമണമില്ലാത്ത അടുക്കളയൊരു പരീക്ഷണശാലയാവുമ്പോൾ,   ഊണുമുറിയിൽ ചത്തുവീഴുന്നുണ്ട് വിശപ്പിന്റെ നിലവിളികൾ. പച്ചപിടിച്ച അമ്മിക്കല്ലിൽ  ഒച്ചരിച്ചുനീങ്ങുമ്പോൾ,   തലേന്ന് കുതിർത്തുവച്ച  വിയർപ്പുതുണിയിലെ ഗന്ധം   ഓക്കാനത്തിന്  ആക്കം  കൂട്ടുന്നുണ്ടാവും. ഉപ്പൂറ്റിയിൽ വെയിൽ ചീളുകൾ തുളഞ്ഞുകയറുമ്പോൾ, നേരം തെറ്റി മുഴങ്ങുന്ന 'അലാറ'ത്തിന് മദം പൊട്ടിയ ഒറ്റയാന്റെ മുഖമാണ്. പാതിയുരിഞ്ഞ തുണിയിൽ  ...

അമ്മ ഇല്ലാതെ ആവുമ്പോൾ /ലിഷ ജയൻ

  ലിഷ ജയൻ അമ്മ ഇല്ലാതെ ആവുമ്പോൾ വീട് അഞ്ചു മണിക്കേ തിളച്ചു പൊന്തുന്ന കാപ്പി മണങ്ങളിലേക്കു ഉറക്കമുണരുന്നില്ല... കടുത്ത തണുപ്പിൽ ഇത്തിരി കൂടി ഉറങ്ങിയേക്കാമെന്നു ഓർക്കുമെങ്കിലും  ആരും വീണ്ടും വീണ്ടും വിളിച്ചുണർത്തി യെക്കില്ലെന്ന് ഓർമയിൽ മക്കൾ  മടുപ്പോടെ , എന്നാൽ നിശബ്ദമായി ഉണർന്നിരുന്നേക്കാം സ്കൂൾ  വിട്ടു വരുമ്പോൾ ബാഗ്, ചെരുപ്പ്, ചോറ്റ് പാത്രം, യൂണിഫോം അങ്ങനെ ഒന്നുമവർ അലക്ഷ്യമായി എറിയില്ല.. സന്ധ്യക്ക്‌ മുന്നേ മേൽകഴുകെന്നു, ജലദോഷം വരുമെന്ന്  ആരും അവരോടു പറഞ്ഞേക്കില്ല... കുളിക്കുമ്പോൾ, ഒറ്റയാവുമ്പോൾ എന്നും വൈകി കിട്ടാതെ പോകുന്ന സ്കൂൾ ബസിനെ, എടുക്കാൻ മറക്കുന്ന പെൻസിൽ ബോക്സിനെ, അലക്കാത്ത യൂണിഫോം നെ, ചെയ്യാത്ത ഹോം വർക്ക്‌ നെ മണക്കുന്ന സോക്സിനെ, വിട്ടു മാറാത്ത ജലദോഷത്തെ, ഇഷ്ടമില്ലാത്ത കറികളെ, മറന്നു പോകുന്ന കൊഞ്ചലുകളെ വൃത്തിയില്ലാത്ത പുതപ്പിനെ, മുറിയെ, പൊറ്റ കെട്ടിയ മുറിവിനെ, സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ  ഉറക്കത്തിൽ പൊതിഞ്ഞു പിടിക്കുന്ന കൈ വിരലുകളെ, ഓർത്ത് ഓർത്ത് ഒഴുകി വരുന്ന കണ്ണ്നീരിനെ അനാഥത്വമെന്നു അവർ തിരിച്ചറിഞ്ഞേക്കില്ല... അല്ലെങ്കിലും അമ്മയില്ലാതെ ആവുമ്പോൾ ...

അമ്മയുടെ കാമുകൻ / ലിഷ ജയൻ

അമ്മ മരിച്ചതിന്റെ  മൂന്നാം മാസം ആണ്  ഞാൻ അയാളെകാണുന്നത്.. അൻപതുകളുടെ അവസാനത്തിലാണ്  അമ്മ  മരണപ്പെടുന്നത്.... അയാളോ നാല്പതുകളുടെ തുടക്കത്തിലും.. അയാളെ കണ്ടപ്പോൾ  അമ്മയെ കാണും പോലെ! അമ്മയുടെ ശാന്തത, അമ്മയുടെ കണ്ണുകൾ. അമ്മയുടെ ഗന്ധം.. അമ്മയെ  പ്രണയിച്ചു പ്രണയിച്ചു  അയാൾ  അമ്മയായി മാറിയപോലെ.. അയാളുടെ മുറി നിറച്ചും  അമ്മയുടെ ചിത്രങ്ങൾ... അമ്മ ഇത്ര മനോഹരമായി ചിരിക്കുമായിരുന്നോ... അയാൾക്ക്‌ കാണാൻ വേണ്ടി മാത്രം  എടുത്ത് ഉടുത്ത  ചുവപ്പിൽ,  പച്ചയിൽ, കടും നിറങ്ങളിൽ! അമ്മ ഇങ്ങനെ  അണിഞ്ഞു ഒരുങ്ങിയിരുന്നോ! ഇത്ര ഭംഗി  അവർക്കുണ്ടായിരുന്നോ!! മുഷിഞ്ഞു, നരച്ച വീട്ടു ഉടുപ്പുകളിൽ  കണ്ണുകളിൽ നിറച്ച വിഷാദത്തിൽ.. തിരക്കിട്ട പണികളിൽ, അച്ഛൻ, ഞാൻ, അച്ചമ്മ എന്ന്ങ്ങനെ ഉള്ള വൃത്തത്തിൽ  അതിനിടയിൽ  എപ്പോഴാണ് അയാൾക്ക്‌ വേണ്ടി  മാത്രം  അമ്മ ഇങ്ങനെ ജീവിച്ചത്! അയാൾക്ക്‌ അയച്ച  മ്സേജുകളിൽ, കത്തുകളിൽ  നിറച്ചും കവിതകൾ,  കടുത്ത പ്രണയം,ആർദ്രത.. അമ്മയുടെ ഫാന്റസികൾ.. അമ്മയുടെ രഹസ്യങ്ങൾ  അമ്മയുടെ കൊതികൾ  സന്തോഷങ...