തള്ള /ബിജു കാരമൂട്

 


മീൻ മുറിക്കുമ്പോഴും

പശുവിനെ തീറ്റുമ്പോഴും

വള്ളിപ്പയറിന്

വെള്ളം

കോരുമ്പോഴും

പണ്ടേ അമ്മ പാടാറുള്ള

ഒരു പാട്ടുണ്ടായിരുന്നു


ബട്ടർഫ്ളൈസ് ആർ റിപ്പീറ്റിങ്


അന്നൊന്നും

അതത്ര കാര്യമാക്കിയില്ല


കാര്യമല്ലാത്തതെല്ലാം

കാര്യമായി തുടങ്ങുന്ന 

ഒരു പ്രായത്തിൽ എന്നോ

അതിന്റെ പിന്നാലെ

അന്വേഷിച്ചുപോയി


അമ്മയോട് തന്നെ ചോദിച്ചപ്പോൾ

പണ്ടെങ്ങോ സ്കൂളിൽ പഠിച്ചതാണെന്ന്

ചാടിക്കടിക്കാൻ വന്നു


ഒരുപാടലഞ്ഞ് 

ഒരു നദിയുടെയും തീരത്ത്

നിലാവിൽ നക്ഷത്രമെണ്ണി

കിടക്കാതെതന്നെ

അത് കിട്ടി


സംഭവം ഇതാണ്


പഴയ ഒരു പാഠപുസ്തകക്കവിത


ബട്ടർഫ്ളൈസ് ആർ പ്രെറ്റി തിങ്‌സ്


ഈയിടെയായി ഇടയ്ക്കിടയ്ക്ക്

അത് നാവിൻതുമ്പിൽ കയറി വരുന്നു


പ്രത്യേകിച്ച്


ഒറ്റക്കിരിക്കുമ്പോഴല്ല


ഒറ്റക്കാണെന്ന് തോന്നിപ്പോകുമ്പോൾ


അതുപണ്ടേ അങ്ങനെയാണല്ലോ


കരയിക്കാൻ

കേറി വന്നോളും

ഇടയ്ക്കിടെ

തള്ള

.......



Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌