അമ്മയെ പടിയിറക്കുമ്പോൾ /കെ ടി എ ഷുക്കൂർ മമ്പാട്
- Get link
- X
- Other Apps
പടിയിറക്കുമ്പോൾ
ഉണങ്ങിയ മുലക്കണ്ണുകൾ
വീണ്ടും ദയ ചുരത്തിയേക്കാം.
വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ അമ്മിഞ്ഞപ്പാലോർമ്മകളിൽ ചെന്നിനായകം പുരട്ടുക.
അപശ്രുതി മീട്ടുന്ന ഹൃദയത്തിനുള്ളിൽ നിന്ന് പേറ്റുനോവോർമ്മകൾ ആദിഭാഷയിലൊരു
അനാദിയാം താരാട്ടായ് തേങ്ങുമ്പോൾ പൊക്കിൾക്കൊടിയടയാളം
വിറ കൊള്ളുന്നത്
അറിഞ്ഞില്ലെന്നു നടിച്ചു
നന്ദികേടിന്റെ ഇയ്യമുരുക്കി ചെവി മൂടുക.
ഇല്ലായ്മകൾ
കണ്ണീരുപ്പും ചേർത്ത്
ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട് വേവിച്ച്
വല്ലായ്മകൾ മറച്ചു വെച്ച നാളുകളിൽ ശൂന്യതയിലേയ്ക്കു നോക്കി തേയ്മാനം വന്ന കുഴിഞ്ഞ കൺകോണുകളിൽ സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം...
സൂക്ഷിച്ചു നോക്കരുത്
പതറി പോയേക്കാം.
ആരുമാരും സാന്ത്വനമാകാത്ത
ചില നേരങ്ങളിൽ
ഓർമ്മയുടെ ഏടുകൾ മറിച്ചു നോക്കണം
അമ്മയുടെ മടിയിൽ
ഒരു കുഞ്ഞായ് ചിണുങ്ങണം
അപ്പോൾ, ആ കൈവിരലുകൾ മുടിനാരിഴകൾക്കിടയിൽ അത്ഭുതകാവ്യം രചിക്കുന്നത് കാണാം അതു മതിയാകും
അമ്മയുടെ സ്മരണയ്ക്കായ്..!
- Get link
- X
- Other Apps
Comments
Post a Comment