പറയിയമ്മ /സുനിത എഴുമാവിൽ
- Get link
- X
- Other Apps
ഇന്നലെയോളവും കണ്ടതല്ലാകാശ-
മെന്നു വിളിച്ചു പറയുന്നു താരകം
വെട്ടം വെറുങ്ങലിച്ചന്തിയാവുന്നൊരീ
തിട്ടിൽ ഞാൻ നിൽക്കവേ മാറുന്നു കാഴ്ചകൾ!
കേൾക്കുന്നുവോ നീ, നടുക്കുന്നൊരാവിളി?
കേൾപ്പു ഞാനെപ്പൊഴും, 'അമ്മേ..' വിളിപ്പിതാ..
കുന്നത്തു നാട്ടി നീ കല്ലാക്കി മാറ്റിയോ-
രെന്നുണ്ണി, മൗനം മഹാകാരമാർന്നവൻ!
വയ്യിനിത്താങ്ങുവാൻ, നീറ്റുന്ന ബന്ധനം
മെയ്യിൽ കൊളുത്തി വലിക്കുന്നുവെങ്കിലും
പോകുന്നു, കേൾക്കാതെ പോകുന്ന വാക്കുമായ്
മാഴ്കുന്ന കുഞ്ഞിനെ മാറോടണക്കുവാൻ
നീരറ്റു പോയൊരീ തീർത്ഥായനത്തിൽ നാം
ചേരാത്ത ചിത്തം ചുമക്കേണ്ടതില്ലിനി
ഏതോ പഴങ്കഥപ്പാട്ടിൽ പുലരുവാൻ
കാതങ്ങൾ താണ്ടിയൊടുങ്ങേണ്ടതില്ലിനി.
കേട്ടിരിക്കുന്നു ഞാൻ, പാതിവ്രത്യത്തിനെ-
പ്പട്ടുചാർത്തിത്തൊഴുമന്യാപദേ
കാന്തനെക്കാക്കുവാൻ, കാലനെത്തോൽപ്പിച്ചു
കാന്തിയേറ്റീ പണ്ടു, സാവിത്രി! തൻ കുലം.
മാർഗ്ഗം പിഴച്ചോരു നാഥൻറെ കാൽക്കലും
സ്വർഗ്ഗം തപം ചെയ്തൊരുക്കി, ശീലാവതി!
ദൈവങ്ങളൊക്കെയും പൈതങ്ങളായ് ശുദ്ധ
നൈവേദ്യവുമായരുന്ധതി യെത്തവേ!
തല്ലിപ്പതം വരാത്തെന്നും വഴിയിലൂ-
ടല്ലൽക്കനലിൽ നടന്നു പൊന്നെങ്കിലും
വീരം കലർന്ന പുരാവൃത്തമെപ്പൊഴും
പേരിൽപ്പതിത്വം പതിക്കും പറയി ഞാൻ!
ഓർമ്മതൻ ജാലകത്തെല്ലൊന്നു നീങ്ങവേ
നേർമ്മയോലുന്നൂ പഴയ ചിത്രങ്ങളിൽ!
ഇച്ഛതൻ മന്ദഹാസം കോർത്ത കണ്ണുമായ്
അച്ഛനോടെൻ കരം ചോദിച്ചു വന്നു നീ
മുറ്റും തരളിതയാകുമുഷസ്സന്ധ്യ
നെറ്റിയിൽ കുങ്കുമം ചാർത്തുന്ന വേളയിൽ
അച്ഛൻറെ കൈവിട്ടു, മച്ചകം വിട്ടു ഞാൻ,
പിച്ചകച്ചോട്ടിലെക്കൗമാരമെന്നെ
നമ്രാംഗിനിയായ്, നിമീലിത നേത്രയായ്
നിന്നിലേക്കെന്നെ ഞാൻ ചേർത്തു വെച്ചീടവേ
പറ്റിപ്പിടിച്ചു വളർന്നോരു വള്ളിയെ
പൊട്ടിച്ചെറിഞ്ഞിട്ടു മാമരം വിങ്ങിയോ?
ഈറൻ മുടിയെറിഞ്ഞന്തിയെ വേൾക്കുന്ന
കാർമുകിൽ മാലകൾ കൈകോർത്തു നിൽക്കിലും
പാതിരാപ്പാദത്തിൽ പൊൻ ചെമ്പകം ചാർത്തി-
യാതിരത്താരമുദിച്ചു നിന്നീടിലും
നിൻ പാത താണ്ടുവാൻ, നീളുന്ന വാസരം
നിന്നെച്ചുമടായെടുത്തു നടന്നു ഞാൻ
നീ കണ്ടതല്ലാതെ യൊന്നുമേ കാണാതെ
നിന്നെയും ധ്യാനിച്ചുറങ്ങിയുണർന്നു ഞാൻ.
അമ്മയെക്കേണു വിളിച്ചീലയാദ്യമാ-
യമ്മയാവുന്ന നോവുള്ളിലാളുമ്പൊഴും
ഓമനേയെന്നു വിളിക്കുമെന്നോർത്തു ഞാൻ
നീ മകന്നർഘ്യം കൊടുക്കുമെന്നും വൃഥാ
കാരിരുമ്പേക്കാൾ കടുത്ത നിൻ വാക്കുകൾ
കാതിൽ പതിച്ച നേരത്തുരിയാടാതെ
കൺതുറന്നമ്മയെക്കാണുന്നതിൻ മുമ്പു
മണ്ണിലിട്ടേച്ചു പോന്നില്ലേ, ഞാനുണ്ണിയെ?
പാറും മുടി! മുല ചോർന്ന്!നീറുന്നകം!
മാറാത്തഴലും മറച്ചു പോന്നീലയോ?
ചോര വായ്ക്കുള്ളിലമൃതം ചൊരിയുവാൻ
നീരൊരുക്കുന്നൊരെന്നമ്മമാറെന്തി
വീണ്ടും നിറഞ്ഞു, തുടുത്തൂ, പലവട്ട-
മിണ്ടലിൽ കങ്ങീ, കലങ്ങി യൊഴിഞ്ഞുപോയ്
വായ തുറക്കാൻ കഴിയാതെ പോയവൻ,
വായ്ത്താരിയറ്റൊരെന്നുണ്ണിക്കു വേണ്ടിയും
തോരാതൊലിക്കുന്നൊരീ മുലപ്പാലിൻ്റെ
യോരാത്ത മാധുര്യമെന്നിനിച്ചോരുവാൻ?
എന്നെത്തിരിച്ചറിയാത്തൊരാൾക്കൂ
ലെന്നെത്തിരഞ്ഞലഞ്ഞീടുവാനെങ്കി
പാതിവ്രത്യത്തിൻ്റെ കാണാത്ത നൂലു നിൻ
പാദത്തിൽ വെക്കാതെ പോകുന്നതെങ്ങിനെ?
ഇന്നീക്കറുത്ത പറയിക്കു കൂട്ടിനായ്
കന്നിക്കിനാവുകൾ നീട്ടുന്ന രാത്തിരി
പിന്നെ മഞ്ഞൾക്കളം മായ്ക്കും തിരുമുടി
മണ്ണും പിളർന്നു പോമമ്മതൻ മാറിടം !
നീറിച്ചുകന്നതാം മണ്ണിൽ ചവിട്ടിഞാൻ
നീലിച്ച മാനത്തു കൈകളെത്തിക്കവേ
വെൺ നീർ ചുരത്തുമെൻ പച്ചമാറിൻ കുളിർ
ഉൺമയായ് മക്കളെച്ചേർത്തു നിർത്തുന്നിതാ..
- Get link
- X
- Other Apps
Comments
Post a Comment