അഭിലാഷ് ടി.പി
അതിരാവിലെ സാരിയുടുത്തൊരുങ്ങിയമ്മ
മഞ്ഞിൽ, പതിയെ ബൈക്കിൽ ഞങ്ങൾ
രണ്ടു പാടങ്ങൾ കൂട്ടിത്തുന്നിയ വഴിയേ..
പണ്ട് പാടത്തു കുറുമ്പ് ഒഴുക്കാൻ
അമ്മ ചൂളമിട്ട് കൂടെ കൂട്ടീരുന്ന കാറ്റ്,
അമ്മയെ കണ്ട് മേലാകെ കച്ചിപൊടിയുമായ്
പാടത്തൂന്ന് ഓടിക്കേറിവന്ന് വിളിച്ചു.
തൂമ്പാകയ്യിൽ പാറപ്പൊടി തൂവി
തേച്ച് മിനുക്കിയ അരിവാളും കറ്റചാക്കും
എന്തിയേന്ന് ചോദിച്ച് സാരിത്തുമ്പിൽ തൂങ്ങി.
കച്ചി ചൂരടിച്ച് അമ്മ തുമ്മി ചുമച്ചു തുപ്പി
കാറ്റ് അത് കണ്ട് പിന്നോട്ടോടി തോട്ടിലെ
കാപ്പിനിറ വെള്ളത്തിൽ
എരണ്ടകളോടൊപ്പം
ഇറങ്ങി കിടന്ന് കരഞ്ഞു.
മെഷീനുകൾ കൊയ്ത് നെല്ലും പതിരും
തിരിച്ച് കൊയ്മാരുടെ
കാൽ ചുവട്ടിൽ പൊലിച്ചു.
സാരിക്ക് മുകളിൽ കസവുമുണ്ട് ചുറ്റി
ട്രെഡ് മില്ലിൽ അമ്മസവാരി
ട്രെഡ് മിൽ ടെസ്റ്റ്!
വിയർത്തു കുളിച്ചെങ്കിലും, പണ്ട്
വാശിക്ക് കറ്റ മെതിച്ച അതേ പോര്
ചങ്കിടിച്ച് കാൽവിറച്ചു ഇരിപ്പുറക്കാതെ ഞാനും
Comments
Post a Comment