അഞ്ച് രൂപ/ സുനിലൻ കായലരികത്ത്
ചന്ദ്രിക സാറ് രക്ഷകർത്താവിനെ
വിളിച്ചോണ്ട് വരാൻ പറഞ്ഞ്
ഞാൻ വീട്ടിപ്പറഞ്ഞില്ല
വഴക്കു പറയുവോ അടി കൊള്ളുവോ
എന്നൊന്നുവൊള്ള പേടിയില്ല
നാണക്കേടാരുന്ന്
അഛൻ നേരത്തെയേറ്റ പൂട്ടൊള്ളോണ്ട് വരത്തില്ല
അമ്മ വരും
പക്ഷെ
നാണക്കേടാരുന്ന്
എല്ലാരുടേം അഛനുമമ്മേം
നല്ല ചെറുപ്പക്കാര്
എന്റത് മാത്രം നരച്ചു പോയോര്
നാണക്കേടാരുന്ന്
ഞാൻ വിളിച്ചോണ്ട് ചെന്നില്ല
രണ്ട് ദെവസം വെളീൽ നിർത്തിയിട്ട്
സാറതങ്ങ് മറന്ന്
പത്തിലെ പരീക്ഷയ്ക്ക് ഉച്ചക്ക് ഉണ്ണാൻ
വീട്ടിലോടിച്ചെല്ലണ്ടാന്നും പറഞ്ഞ്
അമ്മ അഞ്ച് രൂപാ തന്നുവിടും
രണ്ട് പരീക്ഷയാണ് ഒരു ദെവസം
അഞ്ച് രൂപക്ക് സ്റ്റാർ ഹോട്ടലീന്ന്
രണ്ട് പൊറോട്ടയും സാമ്പാറും കിട്ടും
കണക്ക് പരീക്ഷക്ക് അമ്മ കാശ് തന്നില്ല
ഇല്ലാത്തോണ്ടാണ്
ചവിട്ടിത്തുള്ളി സ്കൂളിലോട്ട് പോയ എന്നെ തെരക്കി
ആരാണ്ടോട് കടം വേടിച്ച
അഞ്ച് രൂപായും കൊണ്ട് ഒര് നരച്ച തല
പരീക്ഷാഹാളിന്റെ വാതുക്കൽ വന്നു
നാണക്കേടുകൊണ്ട് ഞാനാകെ ചൂളിപ്പോയി
രാവിലത്തെ പരീക്ഷ കഴിയുന്നവരെ
അഞ്ച് രൂപായുങ്കൊണ്ടവര് വെളീൽ നിന്നു
ഒന്നും എഴുതാൻ പറ്റിയില്ല
ഒന്നാമത് കണക്ക് ഒന്നും അറിയത്തില്ല
അതിന്റെ കൂടെ
ചന്തിക്ക് മണ്ണ് പറ്റിയ മുണ്ടും
ചവുണ്ട നേര്യതും
കക്ഷം കീറിയ ബ്ലൗസും
കറത്ത നെറവും
നരച്ച തലയും
മുറുക്കാൻ തിന്ന് ചൊമന്ന പല്ലും
മാത്രം ഓർമ്മയിൽ നിന്ന്
നിങ്ങളെന്തിനാ തള്ളേ വന്നേന്ന്
ഞാൻ കെടന്ന് ചാടി
അവര് കാശ് തന്നിട്ട് തിരിച്ച് പോയി
പത്ത് ഞാൻ ജയിച്ച്
പക്ഷെ
പറ്റിയ തെറ്റോർത്ത് ഇന്നും തോറ്റു പോവുന്നമ്മോ
തെറ്റ് തിരുത്താൻ സ്വയം എത്ര ഏറ്റ് പറഞ്ഞമ്മോ
പൊന്നമ്മോ പൊന്നുങ്കുടത്തമ്മോ
നിങ്ങടെ കൊച്ചുമോക്ക്
നിങ്ങടെ പേരിട്ട് തലകുനിക്കുന്നു
ഒന്ന് പൊറുത്തുകള
****
-------------------
അമ്മേടെ തല
പാപ്പാത്തി പുസ്തകങ്ങൾ
Comments
Post a Comment