അമ്മ പാടുമ്പോൾ /ബി കെ ഹരിനാരായണൻ

 


അമ്മ പാടുമ്പോൾ താളം

തെല്ലിട മുറിഞ്ഞേക്കാം

വരികൾ മാറിപ്പോകാ-

മീണവും തെറ്റാറുണ്ട്‌

എങ്കിലുമതുകേട്ടേ

വേവാറുള്ളരി, ദോശ-

ത്തട്ടിലെ സൂര്യൻ വട്ടം

വിടരാൻ വേണം പാട്ട്‌


അമ്മ പാടുമ്പോൾ മാത്രം

കത്തുന്നൊരടുപ്പുണ്ട്‌

മിക്സിക്കു മൃദംഗത്തിൻ

മൃദുത്വം വരാറുണ്ട്‌

മൂന്നാമതൊരു കൂക്കു

മറക്കും കുക്കർ, തിള-

ച്ചാവി പൊന്തിയാൽപ്പോലും

തൂവാതെ നിൽക്കും പാല്‌


അമ്മ പാടുമ്പോൾ ഇട-

പ്പരസ്യം കൊടുക്കാത്ത

കുഞ്ഞുറേഡിയോ സ്റ്റേഷ-

നാകാറുണ്ടടുക്കള

വരിതെറ്റിയാൽ ഞാനും

പെങ്ങളും കളിയാക്കി-

ച്ചെവി പൊത്തിയാൽപ്പോലും

കിളികൾക്കില്ലാ പ്രശ്നം

അവരാവരാന്തതൻ

വരിയിൽ ബിസ്ക്കറ്റിന്റെ

പൊടിയും കൊറിച്ചൊരു

താളത്തിലിരിപ്പുണ്ടാം


അമ്മ പാടുമ്പോൾ ചാര-

ത്തണ്ണാറക്കണ്ണൻ വാലിൻ

ചാമരം വീശിക്കൊണ്ട്‌

പാൽക്കിണ്ണം നക്കാറുണ്ട്‌

വറ്റു കൊത്തീടും കാക്ക,

കുതിർത്തൊരാരോറൂട്ടിൽ

കണ്ണു വെച്ചീടും പൂച്ച

സാമ്പാറും പഞ്ചാരയും

കുഴയ്ക്കും ചോറുണ്ണുവാൻ

മോഹൻലാലിനെപ്പോലെ

ചെരിഞ്ഞേ വരും മയിൽ


അമ്മ പാടുമ്പോൾ വെയിൽ

തണുത്തേ പോകാറുണ്ട്‌

പോകാതെനിൽക്കും പകൽ

ഉച്ചയെ പ്‌രാകാറുണ്ട്‌

ഉണ്മയാൽ സ്വരപ്പെടു-

ത്തുന്നൊരു പാട്ടായ്‌ വീടിൻ

ഉമ്മറം മാറാറുണ്ട്‌

സന്ധ്യ മാഞ്ഞീടാറുണ്ട്‌.


രാത്രിയിൽ ചുമച്ചമ്മ

ഉറങ്ങാതിരിപ്പുണ്ട്‌

പിന്നെയും പുലർച്ചയിൽ

പാട്ടുതീ പൂട്ടാറുണ്ട്‌


****



---------------------

മാതൃഭൂമി ആഴ്ചപ്പതിപ്പ്

Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌