നിശബ്ദത / അജിത.എം.കെ
അന്തിയോളം ഓടി മടുക്കുന്ന
ഒന്നും ചെയ്യാനില്ലെന്ന്
നീ പറയുന്ന ജീവിതത്തിലേയ്ക്ക്
വീടിനുള്ളിലെ നിശബ്ദതയിലേയ്ക്കവൾ
ഉറങ്ങിയെണിക്കും.
മാറിൽ മുഖമമർത്തിയുറങ്ങുന്ന
സ്വപ്നത്തെ ഉണർത്താതെ
അൽപ്പ നേരെത്തേയ്ക്ക്
നൊമ്പരങ്ങളുടെ പകലിലേയ്ക്ക്
കണ്ണു തുറക്കും..
അടിവയറിൽ കൈ ചേർത്ത്
സങ്കടങ്ങളുടെ കണ്ണീരില്ലാത്ത
നിശ്വാസം ഉതിർക്കും..
തിരക്കിട്ട് മുറ്റമടിക്കും
വേഗത്തിൽ ഭക്ഷണമുണ്ടാക്കും..
ഉണർന്നെണീറ്റോ..
പഠിക്കുന്നോയെന്ന്
ഇടയ്ക്ക് മുറിയിലേയ്ക്ക് പാളി നോക്കും...
പള്ളിക്കൂടത്തിലെ ഒന്നാം ബെല്ലിനും മുൻപേ..
യൂണിഫോം ഇടുവിച്ച്
ഒരു കുഞ്ഞ് കൊതിയെ ഒരുക്കി വിടും.
ചില ദിവസങ്ങളിൽ കുളിപ്പിച്ച്
സ്ക്കൂൾ ബസിന്റെ സമയത്ത് തന്നെ
മുടി ചീവി... ബാഗൊരുക്കി
കുഞ്ഞ് ആഗ്രഹത്തെ യാത്രയാക്കും.
ഹോണടിക്കുന്ന ഒച്ച കേട്ട്
വൈകുന്നേരം
ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ച്
അവനെ വിട്ടിലേയ്ക്ക്
കൊണ്ടും പോരുന്നത് വരെ
ഓർത്ത് ഓർത്ത് ഇരിക്കും...
സ്വപ്നം കാണാത്ത പുലർക്കാലങ്ങളിൽ
വേദനയോടെ
ഊഷരമായ ഗർഭപാത്രത്തെ ഓർക്കും.
പിറക്കാത്ത കുഞ്ഞുങ്ങളെ ഓർക്കും.
അന്നേ ദിവസം പള്ളിക്കൂടത്തിലെ
ഒന്നാം ബെല്ലടിക്കുന്നതും
സ്കൂൾ ബസ് ഹോണടിച്ച് പോവുന്നതും
കേട്ടവൾ നിലവിളിക്കും....
വീടിന്റെ നിശബ്ദത
'അമ്മേ 'യെന്നവളെ വിളിക്കും...
.......
Comments
Post a Comment