ചുട്ട് ചുട്ടെടുക്കാവുന്ന മണ്ണപ്പങ്ങൾ /റീന വി.പിണറായി
പണ്ട്
വിശപ്പധികമാവുമ്പൊഴൊക്കെ
കണ്ണു നിറച്ചാണെങ്കിലും
അമ്മയെനിക്കൊരു
വീടുണ്ടാക്കിത്തരുമായിരുന്നു.
ചോറിൻ്റെ നിറമുള്ള
ചുമരുകളും
മൊളേശ്ശൻ നിറമുള്ള
മേൽക്കൂരയും
പായസനിറമുള്ള നിലവും
ലഡു മഞ്ഞ ജനാലവിരികളുമുള്ളൊരു രുചിവീട്.
മുക്കാലും ഇരുണ്ടു പോയ
അമ്മയുടെ അടുക്കളയിൽ
അരിച്ചെമ്പിനും മുളകുപാട്ടയ്ക്കും എന്തിന്,
ഉപ്പുപാത്രത്തിനു പോലും
ഒരലിഖിത നിയമമുണ്ടായിരുന്നു.
ആ കരിനിയമത്തിൻ്റെ
ദുർനടപ്പുകളിൽ
ഞങ്ങളഞ്ചും അച്ചാച്ചനും ഒറ്റയ്ക്കും തെറ്റയ്ക്കും
പ്രതിഷേധ
സംഘയാത്രകൾ നടത്തി.
പറയുമ്പോഴൊക്കെ
കേട്ടതാ കേട്ടതാന്ന്
ചുമലിളക്കിയും
പല്ലിറുമ്മിയും
മുഷ്ടി ചുരുട്ടിയുമൊക്കെ
പ്രതിഷേധിച്ചാലും
അമ്മ കഥാവാതിലുകൾ
തുറന്നു തന്നെയിടും
രണ്ടു നേരത്തിലുപരി
മുളപൊട്ടുന്ന
വിശപ്പിൻ്റെ വിഷക്കൂണ്
തിന്ന് തിന്ന്
പ്രാന്തെടുത്താദ്യമെണീറ്റ് പോയതേട്ടനാണ്.
പിന്നീടാരൊക്കെയോ
എപ്പഴൊക്കെയോ ...
അന്നേരമൊക്കെയും
അമ്മ വലതു കൈവിരൽ
ഇടതു കൈയിലെ
പരുത്ത ബീഡിച്ചപ്പിൽ
പുകയിലപ്പൊടി വച്ച്
ഞങ്ങളെക്കാൾ മെലിഞ്ഞ
ഒരു ജീവിതത്തെ
ഉരുട്ടി ഉരുട്ടിയെടുക്കുകയായിരിക്കും
എത്ര ഉരുട്ടിയായും മുകളിലേക്ക് കേറാൻ കൂട്ടാക്കാതെ
ആറേഴ് കല്ല് മാറാപ്പുകൾ
അമ്മയെ താഴോട്ട് താഴോട്ട്
പിടിച്ചുന്തിയിടും.
വീണ് വീണ് സഹികെട്ടപ്പഴാണെന്നാ തോന്നുന്നത്
അപ്പനിരുന്നിരുന്ന്
മരിച്ച
തൂണിൻ്റെ
തലവട്ടത്തിടുത്തുള്ള
കഴുക്കോലിൽ അമ്മ ഒരടയാളം തീർത്തത്
■
Comments
Post a Comment