അമ്മയില്ലാത്ത വീട്..... /രതി ചാലിശ്ശേരി

 

അമ്മയില്ലാതായ ദിവസമാണ്

കരിമ്പടക്കെട്ട് പുതച്ച 

മേൽക്കൂരയിൽ

കനത്ത ശബ്ദത്തോടെ 

കരിയില പറന്നുവീണത്, 


വടക്കേ മൂലയിലെ കുറ്റിച്ചൂല്

നടവഴി മാറി 

സഞ്ചരിച്ച് തുടങ്ങിയതും

വേലിപ്പടർപ്പിൽ 

അധികാരമുദ്ര പതിപ്പിച്ച 

കാട്ടുവള്ളി,  കുടിലുകെട്ടി 

പാർക്കാൻ തുടങ്ങിയതും 

അന്നുമുതൽക്കാവണം. 


കാതുപൊട്ടുന്ന ശകാരത്തിനപ്പുറവും  

പാൽ ചുരത്താത്ത 'അമ്മിണി' 

നീരുകെട്ടിയ അകിടിൽ 

വാലുകൊണ്ട് തലോടി 

പുറത്തേക്ക് കാതുകൂർപ്പിക്കുന്നുണ്ട്.  


കടുകുചേർത്ത കാളനും,  

ജീരകച്ചുവയുള്ള  പച്ചടിയുമായി 

പുകമണമില്ലാത്ത അടുക്കളയൊരു പരീക്ഷണശാലയാവുമ്പോൾ,  

ഊണുമുറിയിൽ ചത്തുവീഴുന്നുണ്ട് വിശപ്പിന്റെ നിലവിളികൾ.


പച്ചപിടിച്ച അമ്മിക്കല്ലിൽ 

ഒച്ചരിച്ചുനീങ്ങുമ്പോൾ,  

തലേന്ന് കുതിർത്തുവച്ച 

വിയർപ്പുതുണിയിലെ ഗന്ധം  

ഓക്കാനത്തിന്  ആക്കം 

കൂട്ടുന്നുണ്ടാവും.


ഉപ്പൂറ്റിയിൽ വെയിൽ ചീളുകൾ

തുളഞ്ഞുകയറുമ്പോൾ,

നേരം തെറ്റി മുഴങ്ങുന്ന

'അലാറ'ത്തിന്

മദം പൊട്ടിയ

ഒറ്റയാന്റെ മുഖമാണ്.


പാതിയുരിഞ്ഞ തുണിയിൽ 

ചുമരുചാരിയ തലയിണയും 

നന്നേ നിറംമങ്ങിയ കിടക്കവിരിയും  

മാസമുറ വന്ന കൗമാരക്കാരിയെ

അനുസ്മരിപ്പിക്കും.


അരികുപറ്റിയ ചായക്കറയിൽ

ഉരുകിയൊലിക്കുന്ന

വിയർപ്പുതുള്ളികൾ

ഒരായുസ്സിന്റെ ശേഷിപ്പുകൾ

മാത്രമാവുമ്പോൾ

സ്നേഹമൊരു കടങ്കഥയാവും..


എണ്ണ വറ്റിപ്പോയ ഓട്ടുവിളക്കിൽ 

പുകഞ്ഞുപൊന്തുന്ന കരിന്തിരിമണം, ഇരവുപകലുകളിൽ ഒളിച്ചിരുന്ന നിമിഷങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും,


ഒടുവിൽ,

ഇതെന്റെ വീടല്ലെന്ന്

പടിയിറങ്ങാൻ

തുടങ്ങുമ്പോഴൊക്കെയും 

തെക്കേ തൊടിയിൽ നിന്നൊരു തണുത്തകാറ്റ്

കെട്ടിപ്പിടിച്ച് ഉമ്മ വെക്കും.



Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌