മാങ്ങാ മണം /അരുൺ ഭാസ്കർ
ആരാന്നു മനസ്സിലായോ ?
മകൾ അമ്മയുടെ
അടുത്തേക്ക്
ചേർന്നു .
ഇല്ല്യ .
കണ്ടില്ലേ
അമ്മ പറയില്ല്യ.
മറവി.
പ്രായാവും തോറും
കൂടണ മറവി.
പ്പൊ മോളേം .
ശരിക്കും മനസ്സിലായില്യേ?
ശാരദ, ഇളയ മോള്.
ശാരത.
ശാരത ..
ആരാണാവോ ?
അമ്മ കണ്ണടച്ചു .
മോൾക്ക് കരച്ചിൽ വന്നു .
ഓർമല്ല്യേ?
ഉമിക്കരികൊണ്ട് പല്ല് തേച്ചു തന്നത്?
ആട്ടിയ വെളിച്ചെണ്ണ മേല്തേച്ചു കുളിപ്പിച്ചത് ?
ഭംഗിയായി മുടി മെടഞ്ഞു
ചെറിയൊരു തെച്ചിപ്പൂ വെച്ചുതന്നത്?
അമ്മേടെ സുന്ദരിക്കോതയെന്നു
ഓരോ ഉമ്മയിലും പറഞ്ഞത്?
ശാരദ?
അമ്മേടെ ശാരദ?
ആരാണാവോ ?
അമ്മ തിരിഞ്ഞു കിടന്നു .
ഡയപ്പർ മാറ്റുന്നതിനിടെ
വേലക്കാരിയെ ഉമ്മവെച്ചുകൊണ്ട്
അമ്മ പറഞ്ഞു ,
ഇപ്പൊ പിടികിട്ടി ,
ന്റെ ശാരത ,
അന്നും
നിനക്ക് ഇതുപോലെ
കണ്ണിമാങ്ങാച്ചുനേടെ
മണേര്ന്ന്.
-
Comments
Post a Comment