മീൻ ചൂരുള്ള രണ്ട് പെണ്ണുങ്ങൾ ! / ലിഷ ജയൻ


മറിയ പിഴച്ചതിന്റെ നാലാം നാൾ 

അവളുടെ അപ്പൻ

കറിവയ്പ്പുകാരൻ പാപ്പി 

മരക്കൊമ്പിൽ 

പെട്ട് പോയ 

പട്ടം പോൽ 

തൂങ്ങി നിൽക്കുമ്പോൾ 

അയാളുടെ ഉടൽ നിറച്ചും

ഞുളക്കുന്നപുഴുക്കളുടെ

നാറ്റത്തോടെജീവിക്കേണ്ടുന്നതിനായി  

കൃത്യം പത്താം മാസം 

മറിയേടെ  ഉടൽ പകുത്ത് 

ഫ്രാങ്കോ

മണ്ണിൽ കാലുകുത്തുന്നതിനും

എത്രയോ മുന്നേ 

'തന്തയില്ലാത്തവൻ'

എന്ന  വിളിപ്പേര് ആരൊക്കെയോ

അവന് കരുതി വച്ചിരുന്നു...

അമ്മ മീൻവെട്ടുന്ന 

കടമുതലാളി വർക്കിച്ചൻ മുതൽ

ഭദ്രാവി തങ്കൻ വരെ

എത്രയോ പേരുകൾ

പറഞ്ഞു കേട്ടിട്ടും 

സ്കൂളിൽ 

അവന്റെ തന്തയുടെ പേരിന്റെ കോളം

ഒഴിഞ്ഞു തന്നെ കിടന്നു !!

സങ്കടങ്ങളുടെ മടുപ്പിൽ 

ഓർമ്മയുടെ തുടക്കം  മുതൽ 

'അമ്മ'യെന്ന വാക്ക്

ഒരു മുട്ടൻ തെറി പോൽ 

അവന്റെ തൊണ്ടക്കുഴിയിൽ

തികട്ടി കെട്ടിക്കിടന്നു!

അമ്മയുടെ മീൻ മണങ്ങളെ 

അവൻ ഊക്കിൽ ഓക്കാനിച്ചു ..

സിനിമയിൽ 

സുരേഷ് ഗോപിയുടെ

കാതടപ്പൻ ഡയലോഗിൽ

തന്തയില്ലാത്തവനാ യി 

കുട്ടികൾ ഒന്നടങ്കം

അവനെ കൂക്കി വിളിക്കുമ്പോൾ ,

അവൻ അമ്മയെ

പുളിച്ച എച്ചിൽ പോൽ അറച്ചു ..

അവരുടെ കണ്ണുനീർ മണക്കുന്ന 

വീടിനെ വെറുത്തു..

പെണ്ണിനെ വെറുത്തു 

ഒടുക്കം 

കിണറ്റുകരയിൽ തണുത്ത്അ

നക്കം നിന്ന് 

അവർ ചത്തു കിടക്കുമ്പോൾ 

ആദ്യമായി ഫ്രാങ്കോ അവരെ തൊട്ടു !!

ആശ്വാസത്തിന്റെ സന്തോഷത്തിൽ ഉള്ളു നിറച്ചു ..

പിന്നീട് എത്രയോ കൊല്ലങ്ങൾക്കു ശേഷം 

പതിനെട്ടു വയസിൽ പിഴച്ചു പോയ

ലീലയുടെ സങ്കടങ്ങളിലേക്ക് 

ഫ്രാങ്കോ ചേക്കേറുമ്പോൾ 

അവളുടെ അടിവയറിൽ 

അതേ  തണുപ്പറിയുമ്പോൾ 

അവളുടെ വിയർപ്പിൽ

മീൻ ചൂര് പുളയ്ക്കുമ്പോൾ 

അയാൾ

അമ്മയുടെമുഖംഓർക്കാൻ

നോക്കി  നോക്കി ...

പറ്റാതെ 

ചത്ത മീൻ പോലെ കണ്ണ്‌ തുറിച്ചു  !!

പിന്നീട് അറിഞ്ഞറിഞ്ഞു 

ലീലയുടെ  സങ്കടങ്ങളുടെ വേവിൽ

അമ്മ ,അമ്മയെന്നിങ്ങനെ

നൊന്ത് നൊന്ത് 

അയാൾ അപ്പച്ചട്ടി പോൽ

പൊള്ളി പഴുത്തു !

പിന്നെ പനിച്ച്‌  പനിച്ച്‌ 

അബോധത്തിലുരുകിതുടങ്ങുമ്പോൾ 

സ്നേഹത്തിൽ വിശ്വാസങ്ങളാൽ

തകർക്കപ്പെട്ട

രണ്ട് പെണ്ണുങ്ങൾ 

ആൺ  പാപങ്ങൾക്ക് വേണ്ടി 

അയാളുടെ ഇരുട്ടിൽ 

മരകുരിശിൽ രക്തമിറ്റിച്ചു

തൂങ്ങി ആടി ചിരിച്ചു കൊണ്ടേ ഇരുന്നു ..

പിന്നെ 

മീൻ ചൂര് പൊതിഞ്ഞ 

പെൺ മുറിവടയാളങ്ങളിലേക്ക്  

തിരിച്ചറിവിന്റെ ആന്തലിൽ ,

ആഴത്തിൽ നീന്തിനീന്തി ചെന്ന് 

എപ്പോഴോ  അയാൾ

വസന്തത്തിന്റെ അടിവേര് തൊട്ടു ...


Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌