തള്ളയുടെ തനിക്കൊണം/ അമ്മു വള്ളിക്കാട്ട്
രണ്ടു സഹോദരൻമാർ
സദാ കടിപിടി കൂടി
പാമ്പും കീരിയും
കടിച്ചും കൊത്തിയും
ചീറിയും പാഞ്ഞും
പറിച്ചും പ്രാകിയും
രക്തം കുത്തിയെടുത്തും
കൊല്ലങ്ങൾ
കാണാതെ കേൾക്കാതെ
മിണ്ടാതെ!
വളർത്തു ദോഷമെന്ന്
തള്ളയെ പള്ള് പറഞ്ഞു, നാട്ടുകാർ
പറമ്പിലെ പണിയും
വീട്ടിലെ പണിയും
ആരാൻറെ പണിയും
സഹോദര സ്നേഹം
തളളമാർക്കൊള്ളതാണ്!
അതു കൊണ്ടത്രേ
കുഞ്ഞുങ്ങൾ കലഹിക്കുമ്പോൾ
തള്ളയുടെ തലതല്ലിപ്പിളരുന്നത്
കൊഞ്ചിക്കാൻ
പ്രാക്കൊഴിഞ്ഞ് നേരം കിട്ടിയില്ല തള്ളയ്ക്ക്
ഒന്നെടുത്ത് താരാട്ടിത്തട്ടാനായി
പണിയൊഴിഞ്ഞ്
നടുനിവർത്താനായില്ല
കെട്ടിപിടിച്ചുമ്മകൾവയ്ക്കാൻ
വിയർത്തിട്ട് മുഷിഞ്ഞത്
മാറ്റികിട്ടിയില്ല
പങ്ക് വെയ്ക്കാൻ
സമൃദ്ധിയില്ല
നല്ല വാക്കോതാൻ
നൽ കഥകളുമില്ല
കുട്ടികൾ തമ്മിൽ
കലഹിച്ചു മുതിർന്നത്
തള്ള ശ്രദ്ധച്ചതേയില്ല
Comments
Post a Comment