രണ്ടാം ഭാവം / പ്രേം കൃഷ്ണൻ

 


ഒരിക്കൽ

ഒരിക്കൽ മാത്രം

നിങ്ങളുടേതായ നിങ്ങളിലെ

ഒരു നിമിഷത്തിൽ

വലതു കരമുയർത്തി

ഉള്ളം കയ് കൊണ്ട്

മൂക്ക്

മൃദുവായി മൂടുക

എന്നിട്ട് അകത്തേക്ക് 

മണങ്ങളെ ആവാഹിക്കണം

കൈക്കുമ്പിളിൽ

 നിന്നൊഴുകിയേക്കാം

ഇലച്ചാർത്തുകൾ

പൂക്കൾ

ജലം

ഉപ്പ്

അത് ചേർത്ത കറികൾ

മോരൊഴിച്ചു കൂട്ടാൻ

ഉളളി തെളിയുന്ന രുചി

വാഴക്കൂമ്പിൻ്റെ തോട്ടം

കപ്പപ്പുഴുക്കിൻ്റെ പുരാണം

ചിക്കൻ്റെ മുറുമുറുപ്പ്

പോത്തിറച്ചിയുടെ വറുത്തര

വീണ് പൊട്ടിയ മുട്ടകളുടെ

ഓംലറ്റുകൾ

ജലജീവികളുടെ

മൽസ്യവിരുന്നുകൾ

ആരോടും പറയാതിരുന്ന

വിശപ്പിൻ്റെ രഹസ്യങ്ങൾ

അങ്ങനെ ..

അപ്പോൾ

ഇടത് കൈ

വചനമില്ലാതെ

 മൗനമായിരുന്നേക്കാം

അതിനെ ഇത് പോലെ തന്നെ

മെല്ലെ വിളിക്കുക

എന്നിട്ട്

ഉയിർ പോലെ മണക്കുക

അത്ര നാൾ

കഴുകി കളഞ്ഞ് കാത്ത

 മലത്തിൻ്റെ

മണമായിരിക്കില്ല 

അതിൻ്റെ രേഖകൾക്ക് 

മറിച്ച്

ഇത്ര കാലം രചിച്ച

വലം രുചികളുടെ 

മിഴികൾ കണ്ട് 

മൗനത്തിൽ

ചാരിതാർഥ്യത്തോടെ

വിതുമ്പുകയാകാമത്

അമ്മയെ പോലെ..

Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌