മഴത്തുള്ളികളുടെ ചൂണ്ട / ആഗ
അത്രയേറെ നിശബ്ദമായ സംഗീതത്തെ
ദൈവത്തിൻ്റെ ചുംബനത്തെ
ശിശിരത്തിലെ ഒരിലയെ
വേനലിനെ
മഴയെ
മഞ്ഞിനെ
എത്ര നാൾ മൂടി വെക്കാനാകും?
കവിതയിൽ മാതാവെന്ന വാക്കിനെ
ദൈവത്തിൻ്റെ ചുംബനമെന്നെഴുതുന്നു
കുട്ടിക്കാലങ്ങളിലേക്ക്
കൈവിരലിൽ നിന്നുതിരുന്നു
എന്ത് കൊണ്ട് അമ്മിഞ്ഞപാലിനേക്കാൾ
ഈ കവിത മധുരതരമാകുന്നു!
കവിത എല്ലായിടങ്ങളിലും
അനാഥനാകുന്നൊരു
കുഞ്ഞിൻ്റെ മാതാവാകുന്നു.
ഒരു കുഞ്ഞതിൻ്റെ മാതാവിൻ്റെ മാറിടത്തിലേക്ക്
വരളുന്ന ചുണ്ടായ് അനാഥനായെത്തും പോലെ
സത്വത്തെക്കുറിച്ചതിൽ തുളുമ്പി തൂവും പോലെ
ജീവിതം സ്വയമൊന്ന് തുളുമ്പി പോയാൽ
രാത്രിയെന്നും പകലെന്നും
വീതിച്ചെടുക്കേണ്ട
നമ്മുടെ തന്നെ നിമിഷങ്ങളുടെ ആകസ്മികത
അതിൽ ഇരുട്ടിൻ്റെയും വെളിച്ചത്തിൻ്റെയും
മഴത്തുള്ളികളുടെ ചൂണ്ട
കവിത എന്ത് നിരുത്തരവാദപരമായിട്ടാണ്
ജീവിതത്തിൽ തന്നെ
ഇല്ലാത്തതൊന്നിനെ
ഉണ്ടെന്നോർമ്മിപ്പിക്കുന്നത്
മഴ പെയ്യുക തന്നെയായിരുന്നു
അത്രയേറെ നിശബ്ദമായ സംഗീതത്തിൽ
ദൈവത്തിൻ്റെ ചുംബനത്തിനിടയിൽ
ഓർക്കാൻ മാത്രം നീണ്ട് നിൽക്കുന്ന
പനിക്കാലമുള്ള മഴ
നിന്നെക്കുറിച്ചോർത്ത് പനി പിടിച്ച ആദ്യരാത്രി.
Comments
Post a Comment