അമ്മ ഇല്ലാതെ ആവുമ്പോൾ /ലിഷ ജയൻ

 


ലിഷ ജയൻ


അമ്മ ഇല്ലാതെ ആവുമ്പോൾ

വീട്

അഞ്ചു മണിക്കേ

തിളച്ചു പൊന്തുന്ന

കാപ്പി മണങ്ങളിലേക്കു

ഉറക്കമുണരുന്നില്ല...

കടുത്ത തണുപ്പിൽ

ഇത്തിരി കൂടി ഉറങ്ങിയേക്കാമെന്നു ഓർക്കുമെങ്കിലും 

ആരും വീണ്ടും വീണ്ടും

വിളിച്ചുണർത്തി യെക്കില്ലെന്ന്

ഓർമയിൽ മക്കൾ 

മടുപ്പോടെ , എന്നാൽ നിശബ്ദമായി ഉണർന്നിരുന്നേക്കാം

സ്കൂൾ  വിട്ടു വരുമ്പോൾ

ബാഗ്, ചെരുപ്പ്, ചോറ്റ് പാത്രം, യൂണിഫോം അങ്ങനെ ഒന്നുമവർ അലക്ഷ്യമായി എറിയില്ല..

സന്ധ്യക്ക്‌ മുന്നേ മേൽകഴുകെന്നു, ജലദോഷം വരുമെന്ന് 

ആരും അവരോടു പറഞ്ഞേക്കില്ല...

കുളിക്കുമ്പോൾ, ഒറ്റയാവുമ്പോൾ

എന്നും വൈകി കിട്ടാതെ പോകുന്ന

സ്കൂൾ ബസിനെ,

എടുക്കാൻ മറക്കുന്ന പെൻസിൽ ബോക്സിനെ,

അലക്കാത്ത യൂണിഫോം നെ,

ചെയ്യാത്ത ഹോം വർക്ക്‌ നെ

മണക്കുന്ന സോക്സിനെ,

വിട്ടു മാറാത്ത ജലദോഷത്തെ,

ഇഷ്ടമില്ലാത്ത കറികളെ,

മറന്നു പോകുന്ന കൊഞ്ചലുകളെ

വൃത്തിയില്ലാത്ത പുതപ്പിനെ,

മുറിയെ, പൊറ്റ കെട്ടിയ മുറിവിനെ,

സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ 

ഉറക്കത്തിൽ പൊതിഞ്ഞു പിടിക്കുന്ന

കൈ വിരലുകളെ,

ഓർത്ത് ഓർത്ത്

ഒഴുകി വരുന്ന കണ്ണ്നീരിനെ

അനാഥത്വമെന്നു അവർ തിരിച്ചറിഞ്ഞേക്കില്ല...

അല്ലെങ്കിലും അമ്മയില്ലാതെ ആവുമ്പോൾ

എത്ര വേഗമാണ് കുഞ്ഞുങ്ങൾ

ഗൗരവക്കാരാവുന്നത്...

കുഞ്ഞ് മുഖങ്ങളിൽ

ചിരി മാഞ്ഞ് , അമ്മേ ഇത് നോക്കു

അതെവിടെ, എന്നെ ഇവൻ  എന്നിങ്ങനെഉള്ള

ഒച്ചകൾ ഒഴിഞ്ഞ് 

വീട് നിശബ്ദ മാവുന്നത്...

നോക്കു

അമ്മ എന്നാൽ ഒരു ഉടൽ മാത്രമല്ല പലപ്പോഴും ❤


🌑


Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌