ചില വിളികളിൽ നിന്നും /രാജി രമേന്ദ്രൻ

 എന്റെ വീട്ടിലേക്കുള്ള 

വഴിയിലെ 

നാലാമത്തെ 

വളവിലായിരുന്നു 

അവന്റെ വീട് 


മതിലില്ലായിരുന്നു!

പകരം,

വേലിക്കൽ നിറയെ 

കരുനൊച്ചി പൂത്തു 

നിൽപ്പുണ്ടാകും!

മുറ്റം നിറയെ 

കനകാംബരപ്പൂക്കളും!


വെളുത്തു മെലിഞ്ഞു 

എല്ലും പല്ലും പൊങ്ങി 

വായീന്നും മൂക്കീന്നും 

നീരൊലിപ്പിച്ചു 

ഒരു പത്തുപതിനാറ് 

വയസേ തോന്നിക്കുള്ളുവെങ്കിലും 

ആറു വയസ്സിന്റെ ബുദ്ധി പോലുമില്ലാത്ത 

ചെക്കൻ!


അതുവഴി നടന്നു പോകുമ്പോൾ 

അവനെന്നോട് കൈയുയർത്തി 

റ്റാറ്റാ പറഞ്ഞു 

ഉറക്കെയുറക്കെ ചിരിച്ചു തുള്ളും!


അച്ഛനവനെ പിടിച്ചു 

നിർത്താൻ ബുദ്ധിമുട്ടുന്ന 

പോലെ തോന്നും!


ചിലപ്പോഴൊക്കെ 

എനിക്കും പേടി തോന്നാറുണ്ട്!

അവനോടി വന്നെന്നെ 

എന്തേലും ചെയ്താലോന്ന്!


അങ്ങനെയൊന്നും 

ഉണ്ടായതേയില്ല!

അവനെന്നും എന്നെ 

കാണുമ്പോൾ ചിരിച്ചു 

തുള്ളി റ്റാറ്റാ പറഞ്ഞു!


ഒരീസം അവന്റെ 

വീടിന്റെ മുറ്റം നിറയെ 

ആളും ബഹളവും!

ഞാനും കയറി നോക്കി!


മരുന്നിനായി 

കരുനൊച്ചിയില 

നുള്ളാൻ വന്ന 

കമലേച്ചിയെ ചെക്കൻ 

കേറിപ്പിടിച്ചെന്ന്!


അച്ഛനവനെ

അകത്തിട്ട് പൂട്ടിയിട്ടുണ്ട് 

അവന്റെ ഉച്ചത്തിലുള്ള 

നിലവിളി കേൾക്കാം!


സൂക്കേടുള്ള ചെക്കനല്ലേ 

വിട്ടുകളയെന്നാരോ 

പറയുന്നുണ്ട്,

മറ്റേ സൂക്കേടിനൊരു 

കുറവുമില്ലല്ലോന്ന് 

കമലേച്ചിയൊരൊറ്റയാട്ട്!


വർഷങ്ങൾക്ക് 

ശേഷമാണ് ഞാനിന്നലെ 

ആ വഴി നടന്നു പോയത്!


നാലാമത്തെ വളവിൽ 

എത്തിയപ്പോൾ 

അവനെയോർത്തു!


പെട്ടെന്നവനെന്റെ 

മുന്നിലേക്ക് ചാടിവീണു!

കട്ടി മീശയും താടിയും 

വെച്ചൊരു ചെറുപ്പക്കാരൻ!

അമ്മ അമ്മയെന്ന് 

അവനെന്നെ 

മുറുക്കി പിടിച്ചു 

ശ്വാസം മുട്ടിച്ചു!


എനിക്കോടി 

രക്ഷപ്പെടാൻ 

തോന്നിയില്ല!!


ചില വിളികളിൽ 

നിന്നും കുതറിമാറാൻ 

നമുക്ക് കരുത്തുണ്ടാകില്ല!

അത് നമ്മുടെ 

ജീവനെടുക്കുന്നതായാൽ 

പോലും!!!!



Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌