കരിനാക്ക് തള്ളേം കരിങ്കുട്ട്യോളും / നിഖിൽ തങ്കപ്പൻ


പൊഴക്കരേലെ തോട്ടത്തിലെ മണ്ണ് പോലാണ്

ഞങ്ങടമ്മേടെ നാക്ക്.

കറുപ്പ് രാശി കലർന്ന ചുവപ്പ്-

ന്നൊക്കെ പറയൂലെ..

പൊഴ കൊണ്ടന്ന മണ്ണാണ് തോട്ടത്തില്.

നട്ടാൽ എന്തും കുരുക്കും.

ഞങ്ങടമ്മേടെ നാവ് പോലന്നെ.

കരിനാക്ക് തള്ളാന്നാണ്

നാട്ടിലെ പിള്ളേര് വിളിക്ക്യാ

കരിന്തള്ളാന്നും വിളിക്കും,

ഞങ്ങളെ കരിങ്കുട്ട്യോള്ന്ന് വിളിക്കണ പോലെ.

ഫോ!

ഇതൊക്കെ കേക്കുമ്പോ

കറ്ത്ത കുത്ത്കള് ള്ള നാവോണ്ട്

അമ്മ ഉറക്കെ ആട്ടും.


പക്ഷേ

പിള്ളേരൊന്നും

ഞങ്ങടെ പറമ്പിലിക്ക് 

കാലെട്ത്ത് കുത്തില്ല.

പട്ടണത്തിലെ പണക്കാര്

തിന്നും തൂറീം ബാക്ക്യായതൊക്കെ

കൊണ്ടന്ന് തട്ടണ പറമ്പല്ലേ ഞങ്ങടെ.

അവര്ടെ കുട്ട്യോള്

ഇര്ന്നിര്ന്നു ബാക്ക്യാവണ കറ്ത്ത ബെഞ്ചിലല്ലേ,

ഞങ്ങള്

സ്‌കൂളീപ്പോയാ ഇരിക്ക്യാ.

മുമ്പിലെ ബെഞ്ചീന്ന്

തിരിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോ,

അവര്

കരിങ്കുട്ടി കരിങ്കുട്ടീന്ന് പിറ്പിറ്ക്കില്ലേ,

ഉച്ചക്കഞ്ഞി

കയ്യിട്ട് വാരിക്കുടിക്കുമ്പോ

അട്ത്തിരുന്ന പെങ്കുട്ടി

ഓക്കാനിച്ച് ഓടിപ്പോയതാ

അപ്പൊ ഓർമ്മ വരാ..


രാത്രി

പട്ടിണി കെടക്ക്മ്പോ

ഇതൊക്കെ

ഞങ്ങള് അമ്മേടട്ത്ത് പറയും.

ഥൂ.!

കരിനാക്കോണ്ട് 

അമ്മ 

മുറ്റത്തിക്ക് തുപ്പും.

ന്നിട്ട് പറയും,

പൊഴക്കരേലെ

മണ്ണാ നമ്മള്ന്ന്.

നമ്മടെ മേലെ

വേറെ ചെലര് വളർന്ന് നിപ്പാണ്ന്ന്.

കരിനാക്കോണ്ട്

അമ്മ പറേണതൊക്കെ സത്യാവും ന്ന്

ഞങ്ങളോടിപ്പോയി

കണ്ണാടി എട്ത്ത് നോക്കും.

അപ്പൊ ഞങ്ങൾക്കും തോന്നും,

കറ്പ്പ് രാശി ള്ള ചോന്ന മണ്ണാണ് ഞങ്ങള്ന്ന്!

വല്യൊര് മരത്തിന്റെ വിത്തുമാണ്

ഞങ്ങള്ന്ന്!

ഞങ്ങടെ മേലെ വേര്കളെറക്കി

ഞങ്ങള് തന്നെ മൊളക്കാൻ പോവാണ്ന്ന്.

കറ്കറ്ത്ത എലകളെളക്കി

പടരാൻ പോവാണ്ന്ന്!


           

Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌