ഇരുമ്പുപെറ്റ പെണ്ണ് /അരുൺ ഭാസ്കർ
കരയാതെ
കുഞ്ഞേ,
കൺനിറയാതെ
കുഞ്ഞേ..
നിന്നെ
പെറ്റിട്ടിട്ടമ്മപോയീ
കരിങ്കല്ലുടക്കുവാൻ..
കാരിരുമ്പിൻ
കരൾത്തടം
വേനലിൽ,
കാച്ചിവെച്ചപോൽ
തീക്കനലായിതാ..
ചോര നീരായി
പുഴയായി
കടലായി
കടലിലെ മീനായി,
തിരയായി
നുരയായി...
അമ്മ പെണ്ണാണ്
പൂവാണ്
തളിരാണ്..
പാട്ടുപാടും
പലരുമെന്നാകിലും
എന്റെയോമനേ
നിന്നമ്മ
പൂവല്ല,
നെയ്തലാമ്പൽ
തളിരല്ല
മൊട്ടല്ല..
നിന്നമ്മ മഴയല്ല
കുളിരല്ല,
കാറ്റല്ല..
മൂളും കുയിലല്ല..
ആടും മയിലല്ല..
വിണ്ടുകീറിയ
ഭൂമിപോൽ
കാലുകൾ,
മണ്ണിടിയുന്ന
കുന്നുപോൽ മാറിടം,
ചാലു കീറി-
ക്കുഴച്ചു മറിച്ചിട്ട
തോന്നലിന്റെ
വിരിഞ്ഞനെറ്റിത്തടം..
തീയാണ്
ചൂടാണ്
കനലാണ്
പുകയാണ്...
കത്തും വിളക്കാണ്,
ഇടിമിന്നലൊളിയാണ്..
കുഞ്ഞു
കരയണ്ട,
ഞെട്ടണ്ട,
തേങ്ങണ്ട..
അമ്മക്കൈയ്യാൽ
പൊടിയട്ടെ പാറകൾ..
വളയിട്ട കൈകളാൽ
പൊടിയട്ടെ
പാറയും
ശിഥിലമായൊരു
നാടും
ജനങ്ങളും..
നിൻചുണ്ടു
നനയില്ല,
നിൻവിളി
കേൾക്കില്ല,
നിന്നെപുണരില്ല-
യമ്മയെന്നാകിലും,
നിന്നമ്മ കനിവാണ്,
പുന്നെല്ലിൻ മനമാണ്,
സ്നേഹത്തിൻ മണമാണ്,
താരാട്ടുപാട്ടാണ്..
നീ
വളരണം
നിൽക്കണം
മണ്ണിൽ..
നടക്കണം..
പൂക്കണം..
നിന്റെ നോട്ടത്തിലുരുകണം
വേവണം,
അറ്റമില്ലാതെ പൊള്ളണം,
കരിയണം,
നെഞ്ചകത്തിലെ
തീകൊണ്ടു ചാവണം,
മണ്ണിലെ
പൊന്നുതിന്നുന്ന
കൂട്ടര്..
കാരിരുമ്പു
പെറ്റൊരുപെണ്ണു നീ,
ഏതു തീയിലും
വാടാതെ നിക്കണം,
നിന്റെ കരിവളക്കയ്യാൽ
തകരണം
കൂരിരുട്ടിന്റെ
കണ്ണീരു
പാറകൾ..
-
Comments
Post a Comment