അടുക്കളപ്പാതി / ശ്രീകാന്ത് താമരശ്ശേരി
1
നെറുകയിലിറവെള്ളം വീണ്
മുറ്റത്തു നില്ക്കും
ചെടിയുടെ തല തോർത്തിക്കൊണ്ടു
നിൽക്കുന്ന കാറ്റേ,
കടലുകളകലത്താണെങ്കിലും ;
സങ്കടത്തിൻ-
വറുതിയിൽ മുകരാൻ
ശോഷിച്ച നിൻ കൈകൾ മാത്രം..!
2
നിറഞ്ഞ സന്ധ്യയ്ക്ക് തല തോർത്തിച്ചമ്മ
കുളപ്പടവിലേക്കുയർത്തി നിർത്തുമ്പോൾ
ഇലപ്പഴുതിലൂടരിച്ചെത്തും കാറ്റെൻ
തണുത്ത മെയ്യിലീർച്ചവാളിറക്കുമ്പോൾ
എടുത്തുകുത്തിയ പുടവമേൽ തിരു-
പ്പിടിച്ചുഞാൻകുതിർന്നുലർന്നു നില്ക്കുമ്പോൾ
കുലുങ്ങി മൂളുമാക്കവിത പൂശിയ
വളതൻ വക്കെന്റ ചെവി തിരുമ്മുന്നൂ..!
3.
സങ്കടത്തിന്റെ ചെങ്കല്ലടുപ്പിൽ
കഞ്ഞിവെള്ളം തിളച്ചു തൂവുന്നൂ
തീവളർത്ത കനലിലൊരല്പം
പേടികൊണ്ടു കറുത്തുപോകുന്നൂ
നാലരക്കു നടുവു നിവർക്കും
നാഴികമണി നിദ്രകൊള്ളുന്നൂ
ചങ്കു പൊട്ടും ചിരട്ടതൻ ശ്വാസം
മെല്ലെമെല്ലെ കിതച്ചു ചീറ്റുന്നൂ.
കത്തി താനേ കറിക്കരിയുന്നൂ,
ചൂലു ചെന്നു ചവറടിക്കുന്നൂ,
പാതിയമ്പുറത്തിൽ പുകകൊണ്ടു
ജാതിപത്രി മുടിയുണക്കുന്നൂ
ഊതിയൂതിത്തളർന്ന കുഴലിൻ
വായുനാളം കരിപിടിക്കുന്നൂ
പിണ്‌ഡതൈലമുഴിഞ്ഞൊരു കോണിൽ
അമ്മ മാത്രമുണർന്നിരിക്കുന്നൂ..
Comments
Post a Comment