അമ്മ/ശ്രീക്കുട്ടി ജിൽജിത്ത്

അമ്മ 

 വാർദ്ധക്യത്തിലേക്കെത്തുമ്പോൾ,

 മൃത്യുവിന്റെ വരവുകാത്ത് 

 കട്ടിൽക്കിടക്കയിലെ,

 പൊങ്ങിത്താഴുന്ന മൃദു ജലത്തിൽ,

 കുഞ്ഞുനാളിൽ നീന്തിക്കളിച്ച-

 കാലമോർത്ത് കിടക്കുമ്പോൾ

 പതിയെയാ അരികിലേക്ക് 

ചെല്ലണം


 ശുഷ്കിച്ച,

കൈവിരലുകളിൽ തലോടി

 പീളകെട്ടിയ പാതിയടഞ്ഞ കൺകൾക്കുള്ളിലെ,

 മങ്ങാത്ത,നിറവെളിച്ചത്തിലേക്ക്

 നടന്നുകേറണം.

 അവിടെയപ്പോൾ കാണാം

 നിന്റെ കാലടികൾ പതിഞ്ഞ

 ഉദരഭിത്തികൾ 

കുളിരു കോരി കിടക്കുന്നത്.


 അതീവ സൂക്ഷ്മമായി നോക്കൂ

 അതിനപ്പുറം, നിന്റെ

 ബാല്യ കൗമാര യൗവന ലീലാവിലാസങ്ങൾ

 കറുത്ത തഴമ്പിച്ച്,

 കുളിരേക്കാതെ കിടക്കുന്നുണ്ട്.


 അതീവ ശ്രദ്ധയോടെ വേണം

 ഓരോ ഇടവും കണ്ടെടുക്കുവാൻ.

 ശൈശവത്തിൽ,

 കയ്യിൽ നിന്നും വഴുതാതെ,വീഴാതെ

 നിന്നെ കാത്ത അതേ കരുതലോടെ.


 കൊഞ്ചി ചിരിയിൽ കുളിർന്ന 

 പാവം ഹൃദയം

 നിന്റെ കരുതലില്ലായ്മയിൽ,

 കണ്ണീരിൽ അലിഞ്ഞ്,

തുള വീണു പോയിട്ടുണ്ട്.


 വാർദ്ധക്യം ആയതിനാൽ ഓപ്പറേഷൻ വേണ്ടെന്ന് ഡോക്ടർ

 ഇനിയും നീറി പിടയാൻ വയ്യാത്തതിനാൽ

 കീറിമുറിക്കേണ്ടെന്ന് അമ്മയും.


 കരളിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ഓർക്കുക.

 അവിടം ശൂന്യമായിരിക്കും.

 കരളു പണ്ടേ

 നീ കൊണ്ടുപോയിരുന്നെന്ന് ഹൃദയം.


 അച്ഛനെന്നും ആദ്യാക്ഷരങ്ങളും

 പഠിപ്പിച്ച നാവുകൾക്ക്

 ബലക്ഷയം ഉണ്ടായിക്കാണും.

 ഇനി നീ അവയെ

 ഹരിശ്രീ കുറിപ്പിച്ച് എഴുന്നേൽപ്പിക്കുക.


 എപ്പോഴും ഓർക്കുക

 ഓരോ നടത്തത്തിലും

 അമ്മയുള്ളം നോവാതെ നോക്കണം.


 വരണ്ട ചുണ്ടുകൾക്ക് നീ

 ദാഹജലം പകരുക.

 നിന്റെ ചുണ്ടുകളിൽ മുല നീരിറ്റിച്ച

 അതേ കരുതലോടെ

വിക്കാതെ, തൊണ്ടയിൽ തടയാതെ,

 മെല്ലെ മെല്ലെ

ഓരോ തുള്ളിയായി.

 


ഒടുവിൽ,

 ജലാലിംഗനത്തിൽ

 കുളിർന്നു മരവിച്ച,

 ശോഷിച്ച അസ്ഥികൂടത്തിലേക്ക്

 നീ നിന്റെ ഉടൽച്ചൂട് പകരുക.

 പത്തുമാസ ഗർഭത്തിലെന്നപോലെ....

 ഉദകക്രിയയ്ക്ക് മുൻപ്

 ഉദരക്രിയ ചെയ്ത് 

 പാപമോചനം നേടുക.

അപ്പോളോർക്കുക,

 ഒടുവിലെ യാത്ര നിനക്കുമിതുപോലെ

 ഒടുവിലെ യാത്ര നിനക്കും ഇതുപോലെ....

🌑

       

(സാവിത്രി രാജീവിന്റെ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയിൽ നിന്ന് പ്രചോദനം )

Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌