പാലൂട്ട് /അരുൺ ഭാസ്കർ

 


ആകാശത്തിന്റെ ചെരിവിലെ  ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയെന്റെ

 സൂര്യൻ ചത്തുപോവുന്നു. 


പിടച്ചിലിന്റെ ശ്വാസം 

കാറ്റിനെ തോല്പിക്കുന്നു.. 


രണ്ടു ചെറിയ കുന്നുകൾ.. 

അതിന്റെ ഇടയിലൂടെയാണീ പാളം 

ഇണചേരാത്ത പാമ്പുകളെപ്പോലെ 

നീണ്ടു പോകുന്നത് .


ഇവിടെയാണെനിക്കുടലുപേക്ഷിക്കേണ്ടത്.. 

ചുവന്ന ഉപ്പുപരലുകളായി 

അടുത്ത മഴയിൽ,  

തീരാത്ത മുറിപ്പാടുകളായി 

തോർന്നുപോകേണ്ടത്.. 


പാളങ്ങൾ.. 

ഒരിക്കലും ഇണചേരാത്ത പാമ്പുകൾ 

എനിക്കു ചിരിവന്നു... 


പാമ്പിന്റെയുടലിൽ

 ഒരു കുട്ടി തനിച്ചിരിക്കുന്നു. 


വിജനത. 

അപാരമായ വിജനത. 


കുട്ടിയും പാളങ്ങളും 

വിയർപ്പിന്റെ,  

ഉഷ്ണക്കാറ്റിന്റെ 

വാരിയെല്ലുകൾ... 


തനിച്ചിരിക്കുന്നതെന്തിന്? 


കുട്ടി കരഞ്ഞു. 


അമ്മ നിന്നേടത്തു നിൽക്കണമെന്നാണ് പറഞ്ഞത്. 


അമ്മ തിരിച്ചു വരുമെന്നും.. 

വഴിതെറ്റി പോകല്ലേയെന്നും... 


ഇവിടെയാണെന്റെയമ്മ 

നിന്നത്.. 

ഒരു തീവണ്ടിയൊച്ചയിൽ നടന്നുപോയത്. 

അമ്മ വരും... 

അമ്മ വരും... 


പാളത്തിലേക്കു കുനിഞ്ഞ 

പുല്ലുകൾ ഇല്ലെന്നു തലയാട്ടി.. 


അവ 

മുലപ്പാലിനാൽ ചുവന്നുപോയിരുന്നു.. 


ഈച്ചകൾ പാറുന്ന 

രണ്ടിറച്ചിക്കഷ്ണങ്ങൾ 

കൊത്തിയെടുത്ത് 

കാക്കകൾ 

വിശന്ന് കരയുന്ന 

കുഞ്ഞുങ്ങളെതേടി 

ചുവന്ന ആകാശത്തെ മുറിച്ചുകൊണ്ട് 

പറന്നുപോയി. 


കുഞ്ഞേ... 

അമ്മ വരില്ല... 

കാക്കകൾ ഉറക്കെ ഒച്ചവെച്ചു... 


കുഞ്ഞു കരഞ്ഞു.. 

അമ്മ വരും... 


പാളത്തിൽ, 

പാമ്പിന്റെയുടലിൽ 

ഞാനും കുഞ്ഞും 

തൊട്ടുതൊട്ടിരുന്നു.. 


ദൂരെനിന്നൊരു തീവണ്ടിയുടെ വിളി 

ഞങ്ങളെ തഴുകിപ്പോയി.. 


അമ്മ വിളിക്കുന്നു... 

കുഞ്ഞു പിടഞ്ഞു... 


ചുണ്ടുകൾ മുലപ്പാലിലേക്കു കൂമ്പി.. 


അമ്മ വരുന്നു... 


അടർന്നുപോയ അലർച്ചയോടെ 

തീവണ്ടി 

ഞങ്ങളെക്കടന്നുപോയി..


ഞാൻ വീട്ടിലേക്കു തിരിച്ചു നടന്നു... 


 അമ്മ വരും, 

അമ്മവരുമെന്നു കരയുന്നൊരു അമ്പിളിക്കഷണമുണ്ടായിരുന്നപ്പോഴും നെഞ്ചിൽ..

എന്റെ മുലപ്പാൽ വീങ്ങിയ മുലഞെട്ടുകളന്നേരം 

അവനുവേണ്ടി തുറന്നുകിടന്നിരുന്നു..   


 


Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌