തലമുറകൾ /സിന്ധു നന്ദകുമാർ



നിശയിലാകിനാകിടക്കയിൽ

കാൽവിരലുണ്ടൊരോമനപ്പൈതലിനനക്കം കതോർത്തലസം നീ ചാഞ്ഞുറങ്ങുന്നത് എന്റെ മാറിലല്ലോ ....


ദൂരെ നീയെങ്കിലും മകളെ ,

ആലസ്യമാർന്നു നിൻചൊടികൾ കറുക്കുന്നതും 

കൺതടം ക്ഷീണത്താൽ കുഴിയുന്നതും

മാതൃത്വഭാവം നിന്നിൽ നിറയുന്നതും കണ്ടു

ഞാനിവിടെ നിന്നെയും ഉദരത്തിലാക്കി കൊണ്ടു നടക്കുന്നു ......


തന്റെ ഉദരത്തിലായിരം ഭ്രൂണമായി

കാത്തൊരാത്തരുലതാദികൾ ഭൂജാതരാവുന്നതിനേകാന്ത

തപം ചെയ്ത ധരിത്രിയേ ഓർക്കുക .....


സൂര്യനാമച്ഛന്റെ ചൂടേറ്റ് വളരുന്നുണ്ണിയേ

വേരുമുലയൂട്ടി 

വളർത്തുന്നനുദിനം

വസുന്ധര

 

പിന്നെയാ മുലക്കാമ്പ് പ്ലാസ്റ്റിക്കിനാലടച്ചു നാം...

നീരുറ്റി കുപ്പീൽ നിറച്ചു

എരിപൊരി പൊള്ളലിൽ

കുടിനീരാക്കി മാറ്റിയതും

  

വിത്തുമായെത്തിയിട്ടും മടിശീലയഴിക്കുവാനാകാതെ

തറയോടാലടച്ചൊരു ഗർഭപാത്രത്തിൽ മുന്നിൽ മുറവിളികൂട്ടുന്നൊരാ 

കാറ്റിനുൾത്തടം കണ്ടിട്ടർക്കന്റെ കനൽത്തീമിഴിയാലുരുക്കി

കടലാകെ വറ്റിച്ചൊരുനാൾ ,

മഴയായി, പ്രളയമായി ,

കലിതുള്ളിയെത്തും വരെ കാക്കാതെ .... വിത്താകുക, വിതയാകുക, താങ്ങാവുക

മകളെ .....


ഓരോ പുതുമുളയിലും . അനക്കത്തിലും

തളിർക്കുന്ന മാതൃമനസ്സിനെ , കണ്ടു തുടിക്കട്ടേ നിന്റെ മനസ്സും ചിന്തകളും മേൽക്കുമേൽ ....



Comments

Popular posts from this blog

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌