കേൾസ് / എം. ആർ രേണുകുമാർ
ചിത്രകാരാ..
അമ്മയുടെ പടം
അയക്കുന്നു.
തീരെ തെളിച്ചമില്ല,
തെളിച്ചമുള്ളതാക്കണം.
പടർന്നുകയറിയ
പൂപ്പലിനെയൊക്കെ
പമ്പകടത്തണം.
പാറിപ്പറന്നുകിടക്കുന്ന
മുടിയൊക്കെ
ചീകിക്കെട്ടി കൊടുക്കണം.
ചുവന്ന മുത്തുകെട്ടിയ
കാതിപ്പൂ സ്വർണ്ണമാണ്.
രണ്ടൂന്നുമുത്തുകൾ
പൊഴിഞ്ഞുപോയിട്ടുണ്ട്,
അതൊന്ന് ശരിയാക്കണം.
മാല വരവിന്റേതാണ്
അത് സ്വർണ്ണമാക്കണം.
കഴിമെങ്കിൽ
കരിമണിയനാക്കണം.
അന്നൊരു ചുവന്ന
പൊട്ടുതിരക്കി
ഏറെനടന്നതാണ്; കിട്ടിയില്ല.
ഒരെണ്ണം തൊട്ടുകൊടുക്കണം.
മേൽച്ചുണ്ടിനും മൂക്കിനും
ഇടയിലൊരു മറുകുണ്ട്.
അതിത്തിരിക്കൂടി കറുപ്പിക്കണം.
കണ്ണുകളിലെ കനിവ്
അങ്ങനെതന്നെ വേണം.
ഒട്ടും കുറഞ്ഞുപോകരുത്.
ഇടത്തെ ചെവിയുടെ
താഴേക്ക് വീണുകിടക്കുന്ന
ആ കേൾസ് ഉണ്ടല്ലോ
അതുമാത്രം
അങ്ങനെ കിടന്നോട്ടെ.
നെറ്റിയിൽ
വലതുകണ്ണിന് മീതെയൊരു
ചെറിയ മുറിപ്പാടുണ്ട്.
കുട്ടിയായിരുന്നപ്പോൾ
ഞാൻ വെള്ളയ്ക്ക കൊണ്ട്
ഉന്നം നോക്കിയതാണ്,
അതുവിട്ടുപോകരുത്.
എനിക്കെന്നും നോവണം.
▪️
Comments
Post a Comment