ഞാള് /അരുൺ ഭാസ്കർ
ചെറ്റമറച്ച്
മുല വായിൽ തിരുകി
അമ്മ പറഞ്ഞു,
കുടിക്ക്..
കുടിച്ച്
വയറുനിറയും മുന്നേ
പാൽ വറ്റി..
അമ്മയെന്നോട്
പറഞ്ഞു..
കൊല്ലും..
മ്മളെ
ഓര് കൊല്ലും..
ഇക്കൊന്നും
തിരിഞ്ഞീല..
വലുതായി
കൈയും കാലും
നീണ്ടപ്പോ,
ഞാൻ
കാട്ടില്
വെറകു
വെട്ടാൻപോയ്..
അമ്മ പറഞ്ഞ് ,
കൊല്ലും..
മ്മളെ
ഓര്
കൊല്ലും...
അമ്മ
കാടിന്റെ
മൂലക്ക്,
ഇലേടെ ഇരുട്ടില്
ചത്തുമലച്ചു..
നടന്നു തെണ്ടി
വെശപ്പു മൂത്തപ്പോ
ചോയ്‌ക്കാണ്ടെടുത്തേന്
ഓരെന്നെ
തല്ലിക്കൊന്നു..
ചത്തപോലെ
ഞാള്
പിന്നേം പൊറന്ന്..
വേറെ മണ്ണില്..
കാലൊറപ്പിച്ചു
നടന്ന്..
അമ്മ പറഞ്ഞ്,
ഓര്
മ്മളെ കൊല്ലും..
ഓര് ഞാളെ കൊന്ന്..
എറച്ചി തിന്നേന്..
അടിച്ചടിച്ച് കൊന്ന്..
ചത്തപോലെ
ഞാള്
പിന്നേം പൊറന്ന്..
നെറേ മരങ്ങള്
ഉള്ളോടത്ത്..
പൂമ്പാറ്റ
പാറണോടത്ത്..
അമ്മ പറഞ്ഞ്,
പൂക്കണ്ടാ..
പറക്കണ്ടാ..
മ്മളെ
ഓര്
കൊല്ലും..
ഓര് ഞാളെ കൊന്ന്..
ആകാശത്തിന്റെ
ചോട്ടില്
കെട്ടിപ്പിടിച്ചേന്,
ഉമ്മ വെച്ചേന്,
ഓര് ഞാളെ
കല്ലെറിഞ്ഞ് കൊന്ന്..
ഞാള് ചാവണ്ടോരാ,
ഞാള് കല്ലേറു കൊള്ളണ്ടോരാ,
ഞാള് അടി വാങ്ങണ്ടോരാ
ഞാള് വെശക്കണ്ടോരാ
ഞാള് തെണ്ടണ്ടോരാ..
ചത്തപോലെ
ഞാള്
ഇനീം പൊറക്കും..
ഞാളെ ഇങ്ങള് തിന്നോളീ..
-
Comments
Post a Comment