രണ്ടമ്മമാർ മീഞ്ചന്തയിൽ/ജിനിൽ മലയാറ്റിൽ
പുലരും മുമ്പേ
മതിലിനപ്പുറത്തെയിടവഴിയിൽക്കൂടി
ഒരു മീൻ ചെരുവം
പാഞ്ഞുപോകും.
അഞ്ചേകാലിനുള്ള
കൊടുങ്ങല്ലൂരമ്മ പിടിക്കാനുള്ള
പാച്ചിലാണ്.
വണ്ടിയിലിരുന്ന്
അവരൊരിക്കൽ കൂടി
വീടുവരെ പോയിവരും.
ഇനിയുമുണരാത്ത മക്കളെ
ഒന്നുകൂടി പുതപ്പിച്ച്
ചുംബിക്കും.
പാചകം ചെയ്തവയെല്ലാം
അടച്ചുവെച്ചിട്ടുണ്ടല്ലോയെന്ന്
ഉറപ്പു വരുത്തും.
ഇളയ മകന്
കുളിക്കാനുള്ള വെള്ളം
അടുപ്പിൽ നിന്നിറക്കി വെയ്ക്കും.
കുട്ടികളുടെ യൂണിഫോം
മേശമേൽ
എടുത്തു വെച്ചിട്ടുണ്ടല്ലോയെന്ന്
വീണ്ടുമൊന്നോർക്കും
മൂത്ത മകളോട്
ആരു വന്നാലും
വാതിൽ തുറക്കരുതെന്ന്
ഓർമിപ്പിക്കും.
വീടു പൂട്ടി
താക്കോൽ ഉള്ളിലേക്കിട്ടു
പുറത്തിറങ്ങുമ്പോഴേക്കും
കിളി , `മാർക്കറ്റ് ..മാർക്കറ്റ്"
എന്നു വിളിച്ചു കൂവാൻ തുടങ്ങും.
അവിടെയിറങ്ങി
ചീഞ്ഞ മീൻ മണത്തിലേക്ക്
ഊളയിടും.
2
ഇരുട്ടിറങ്ങാൻ തുടങ്ങുമ്പോൾ
മറ്റൊരമ്മ
കൊടുങ്ങല്ലൂരമ്മയേയും
കാത്തു നിൽപ്പുണ്ടാവും,
മുല്ലപ്പൂ ചൂടി,
ചുണ്ടിൽ ചായം തേച്ച്.
യാത്രക്കിടയിൽ ഒരുവേള
അവരും വീട്ടിലെത്തും.
എല്ലാം ഭദ്രമാണെന്ന്
ഉറപ്പു വരുത്തും.
ഇറങ്ങാൻ നേരം
മകളോട് പറയും:;
`ആരു വന്നാലും വാതിൽ തുറക്കരുത്'
അപ്പോഴേക്കും
ആൾത്തിരക്കും തുരന്ന്
ചീഞ്ഞമണമുള്ള
സ്റ്റാൻഡിലെത്തി നിൽക്കും
വണ്ടി.
പിന്നെയൊരു നടത്തം,
ചത്ത മീനായി...
=================
2012
Comments
Post a Comment